പത്തനംതിട്ട – വാടകകെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പോപ്പുലർ ഫിനാൻസിന്റെ ജില്ലയിലെ 41 ബ്രാഞ്ചുകളിലെ അവശേഷിക്കുന്ന സാധന സാമഗ്രികളും മറ്റൊരിടത്തേക്ക് മാറ്റുന്നതിന് തീരുമാനമായി. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ കെട്ടിട ഉടമകളെ പങ്കെടുപ്പിച്ച് ചേർന്ന യോഗത്തിലാണ് ഈ മാസം തന്നെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തീകരിക്കുന്നതിന് തീരുമാനമായത്.
പോപ്പുലർ ഫിനാൻസിന്റെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്ന കോന്നി വകയാറിലുള്ള രണ്ട് കെട്ടിടങ്ങളിലേക്കാണ് സാമഗ്രികൾ മാറ്റുന്നത്. സാധന സാമഗ്രികളുടെ സ്ഥലം മാറ്റം സംബന്ധിച്ച് ഔദ്യോഗിക തലത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് വേണ്ട മാർഗനിർദേശങ്ങൾ മുൻപ് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് കക്ഷികളുമായി യോഗം വിളിച്ചു ചേർത്ത് ഒഴിപ്പിക്കലിന് വേണ്ട നിർദേശങ്ങൾ നൽകിയത്. ഓരോ ഓഫീസിലുമുള്ള സാധന സാമഗ്രികൾ ചിട്ടയായും ക്രമമായും വസ്തുവിവര പട്ടിക ക്രമ നമ്പറും അനുസരിച്ച് തരം തിരിക്കണം. ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ, കോടതി ഉത്തരവുകൾ പാലിച്ച്, കൃത്യമായ രജിസ്റ്റർ സൂക്ഷിച്ചു വേണം നിർദിഷ്ട സ്ഥലത്തേക്ക് സാധനങ്ങൾ മാറ്റാനെന്ന് കളക്ടർ പറഞ്ഞു. സാധനങ്ങൾ സൂക്ഷിക്കേണ്ടത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ ഉദ്യോഗസ്ഥതലത്തിൽ കൈക്കൊണ്ടു കഴിഞ്ഞെന്നും ഒരാഴ്ചക്കുള്ളിൽ തുടർപ്രക്രിയകൾ പൂർത്തീകരിക്കുമെന്നും കളക്ടർ പറഞ്ഞു.
ഉടമസ്ഥർ സ്ഥലത്തില്ലാത്ത സാഹചര്യത്തിൽ അവരുടെ പ്രതിനിധിക്ക് നടപടിക്രമങ്ങളിൽ പങ്കെടുക്കുന്നതിന് മുക്ത്യാർ എഴുതി ചുമതലപ്പെടുത്തി നൽകാം. ജൂൺ മാസത്തിൽ തന്നെ കെട്ടിട ഉടമകളുടെ പൂർണ സഹകരണത്തോടെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തീകരിക്കുമെന്നും കെട്ടിടം വിട്ടുനൽകാനാവുമെന്നും കളക്ടർ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എഡിഎം ബി. രാധാകൃഷ്ണൻ, ജില്ലാ ലോ ഓഫീസർ കെ.എസ്. ശ്രീകേശ്, താലൂക്ക് തഹസീൽദാർമാർ, ഉദ്യോഗസ്ഥർ, കെട്ടിടഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.


