പത്തനംതിട്ട – രണ്ട് കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ റാന്നി പോലീസ് ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി. റാന്നി ബ്ലോക്കുപടി വടക്കേടത്തു വീട്ടിൽ അതുൽ സത്യനെ (28)യാണ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കിയത്. 2016 മുതൽ ഇതുവരെ ഏഴു ക്രിമിനൽ കേസുകളിൽ പ്രതിയാണ്. എല്ലാ കേസുകളും അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതാണ്. ഇവയിൽ രണ്ടെണ്ണത്തിൽ വിചാരണ പൂർത്തിയാക്കി കുറ്റക്കാരനെന്ന് കണ്ടെത്തി കൊടതി ശിക്ഷ വിധിച്ചിരുന്നു. ബാക്കി നാലെണ്ണത്തിൽ വിചാരണ നടന്നുവരികയാണ്.
കൊലപാതകക്കേസുകൾ 2020, 2023 വർഷങ്ങളിലാണ് റാന്നി പോലീസ് രജിസ്റ്റർ ചെയ്തത്. ഒപ്പമിരുന്നു മദ്യപിച്ച സുഹൃത്തുമായുണ്ടായ വാക്കുതർക്കത്തേ തുടർന്ന് മർദ്ദിച്ചുകൊന്നതിന് രജിസ്റ്റർ ചെയ്തതാണ് ആദ്യത്തെത്. രണ്ടാമത്തെ കേസ് കഴിഞ്ഞ ജൂണിൽ കൂടെ താമസിച്ചുവന്ന യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നതാണ്.


