അറ്റ്ലാന്റ: വിവാഹ ദിനത്തിൽ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഹെലികോപ്റ്റർ ദുരന്തത്തിലൂടെ നിത്യതയിൽ ചേർക്കപ്പെട്ട ഡേവ് ഫിജിക്ക് സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട വിദേശികളും മലയാളികളും ഉൾപ്പെടെ ആയിര കണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്ത്യൻ സമയം ജൂൺ 6ന് വൈകിട്ട് 9 മുതൽ 11.50 വരെ പ്രയിസ് കമ്മ്യൂണിറ്റി ചർച്ചിൽ സംസ്ക്കാര ശുശ്രൂഷകൾ നടന്നു. ജിസിനി ദുഖം താങ്ങാനാകാതെ നിലവിളിച്ചതോടെ ചടങ്ങിൽ എത്തിയ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കണ്ണിൽ ഉരുണ്ട് കൂടിയ കണ്ണീർ തുള്ളികൾ നിമിത്തം എല്ലാവരുടെയും കാഴ്ച അല്പ സമയത്തേക്ക് മറച്ചു.അമ്മയുടെ തോളിലേക്ക് ചാരി കിടന്ന് വിലപിച്ച ജെസ്നിയെ ബന്ധുക്കളും സഭാ വിശ്വാസികളും ചേർന്ന് ആശംസിപ്പിച്ചു. പ്രത്യാശ ഗാനങ്ങൾ ആലപിച്ചും സ്മരണകൾ പങ്കുവെച്ചും ഫിജിയുടെ സുഹൃത്തുക്കൾ എത്തിയത് ഒരു പരിധി വരെ ആശ്വാസമായി.
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആഘോഷിച്ചു തീരുംമുൻപേ ആണ് ,ജോർജിയയിലെ ഡോസൺ കൗണ്ടിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഡെൽറ്റ എയർലൈൻസ് പൈലറ്റായ മലയാളി യുവാവ് ഡേവ് ഫിജിയും ഹെലികോപ്റ്റർ പൈലറ്റും മെയ് 29ന് മരണപ്പെട്ടത്.

വിവാഹച്ചടങ്ങുകൾക്ക് ശേഷം വധൂവരന്മാർ സഞ്ചരിച്ച റോബിൻസൺ ആർ 66 ഹെലികോപ്റ്ററാണ് തകർന്നുവീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടനാട് തലവടി ചുടുക്കാട്ടിൽ ജെസ്വിൻ വില്ലയിൽ സാം ഉമ്മൻ , ഷീല സാം ദമ്പതികളുടെ മകളാണ് വധു ജെസ്‌നി.
അറ്റ്ലാന്റയിൽ സ്ഥിര താമസക്കാരും മൂവാറ്റുപുഴ സ്വദേശികളായ ഫിജി – ഫേബ ദമ്പതികളുടെ മകനാണ് അന്തരിച്ച ഡേവ് ഫിജി. പ്രൗഢ ഗംഭീരമായ ആഘോഷങ്ങൾക്ക് ശേഷം വടക്കൻ ജോർജിയയിലെ വിവാഹവേദിയിൽനിന്ന് മടങ്ങവെയാണ് വധൂവരന്മാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നത്. പ്രൊഫഷണൽ പൈലറ്റായ ഡേവ് ഫിജി തന്നെയാണ് ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്നതെന്ന തരത്തിൽ ആദ്യ സൂചനകൾ വന്നിരുന്നെങ്കിലും, അപകടസമയത്ത് മറ്റൊരു പൈലറ്റാണ് വിമാനം പറത്തിയിരുന്നതെന്ന് പിന്നീട് അധികൃതർ സ്ഥിരീകരിച്ചു. ഡോസൺവില്ലയിലെ 24 മൗണ്ട് വെർനൺ ഡ്രൈവിന് സമീപമുള്ള വിജനമായ വനപ്രദേശത്താണ് ഹെലികോപ്റ്റർ പതിച്ചത്.
അപകടത്തെക്കുറിച്ച് പ്രാദേശിക ഭരണകൂടവും യുഎസ് ഫെഡറൽ ഏജൻസികളും സംയുക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടവിവരമറിഞ്ഞ് ഡോസൺ കൗണ്ടി ഷെരീഫ് ഓഫീസ്, ഫയർ ആൻഡ് ഇഎംഎസ് യൂണിറ്റുകൾ എന്നിവർ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു.തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ജെസ്‌നിയെ പരിക്കുകളോടെ രക്ഷപ്പെടുത്തിയത്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായി നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) അന്വേഷണം ഏറ്റെടുത്തു. അന്തരീക്ഷത്തിലുണ്ടായ പെട്ടെന്നുള്ള വ്യതിയാനങ്ങളും മോശം കാലാവസ്ഥയുമാണ് ഹെലികോപ്റ്റർ തകരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഈ വിമാന അപകടം വ്യോമയാന മേഖലയിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. അപകടത്തിൽപ്പെട്ട റോബിൻസൺ ആർ66 ഹെലികോപ്റ്ററുകൾ ആധുനിക സംവിധാനങ്ങളുള്ളവയാണ്. നാൽപ്പതു വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള പ്രെസ്റ്റിജ് ഹെലികോപ്‌റ്റേഴ്‌സ് എന്ന പ്രമുഖ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹെലികോപ്റ്റർ . സന്തോഷം മാത്രം നിറഞ്ഞ വിവാഹപ്പന്തലിലേക്ക് പെട്ടെന്നെത്തിയ മരണവാർത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ആഴത്തിലുള്ള ആഘാതത്തിലാണ് എത്തിച്ചിരിക്കുന്നത്.
✒️⚫ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, എടത്വാ




