കോന്നി – കല്ലാറിലെ ഓളത്തിലൂടെ കൊട്ടവഞ്ചിയിൽ കറങ്ങി നടന്നു കാനനഭംഗി ആസ്വദിക്കാൻ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധന. വിദേശ വിനോദ സഞ്ചാരികൾക്കും ഇപ്പോൾ കോന്നിയിലെ അടവിയോട് ഇഷ്ടം കൂടിയിട്ടുണ്ട് എന്നാണു മനസ്സിലാക്കേണ്ടത്. കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസത്തിലൂടെയും വിനോദ സഞ്ചാരികൾ എത്തിയത് അടവിക്ക് ഗുണകരമായി. കുറഞ്ഞ നിരക്കിൽ കല്ലാറിലെ ഓളപ്പരപ്പിലൂടെ മൂന്നു മുതൽ ഏഴ് കിലോമീറ്റർ വരെ സഞ്ചരിച്ചു കാനനഭംഗി ആസ്വദിക്കാമെന്നതാണ് കൊട്ടവഞ്ചി സവാരിയുടെ സവിശേഷത. കല്ലാറിൻ തീരത്തെ പച്ചപ്പ് നിറഞ്ഞ കാനനഭംഗിക്കൊപ്പം ചിലപ്പോഴൊക്കെ വന്യമൃഗങ്ങളെയും കാണാനാകും. മഴയത്ത് കുട്ടയിൽ കുട പിടിച്ചും വെയിലത്ത് കാനനത്തിന്റെ തണലിലൂടെയും ഉള്ള ഈ സവാരി ആനന്ദകരമാണ്. യാത്രക്കിടെ കൊട്ട കറക്കിയും തുഴകൊണ്ട് വെള്ളക്കീറുകളെ മുത്തുമണികൾപോലെ മുകളിലേക്ക് ചിതറിച്ചും തുഴക്കാർ നടത്തുന്ന അഭ്യാസങ്ങൾ സഞ്ചാരികളെ ആനന്ദിപ്പിക്കും, ചിലർ പേടിച്ചു കണ്ണടക്കും. അടവിയിൽ താമസിക്കാൻ മുല കൊണ്ട് നിർമ്മിച്ച ഹട്ടുകളും, കുടുംബശ്രീയുടെ ലഘുഭക്ഷണശാലയുംഒക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്. അടവിയിൽ എത്തുന്നവർ മണ്ണീറ വെള്ളച്ചാട്ടവും കണ്ടാണ് മടങ്ങാറ്.
അടവി കൊട്ടവഞ്ചി സവാരിയുടെ വരുമാനത്തിൽ ഈ വർഷം വർദ്ധന. ഒരു വർഷത്തിനുള്ളിൽ 4.78 ലക്ഷം രൂപയുടെ വർദ്ധനയുണ്ടായി. 2022 ഏപ്രിൽ അവസാനിച്ച സാമ്പത്തിക വർഷം 7.38 ലക്ഷം രൂപയായിരുന്നു വരുമാനം. ഈ വർഷം ഏപ്രിലിൽ വരുമാനം 12.16 ലക്ഷം രൂപയായി ഉയർന്നു.
ഇനിയും വികസിക്കണം.. അടവി ടൂറിസത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന് വിനോദസഞ്ചാരികൾ നിർദേശിക്കുന്നു. സഞ്ചാരികൾക്ക് താമസിക്കാൻ അഞ്ച് മുളങ്കുടിലുണ്ട്. മൂന്നെണ്ണത്തിലാണ് താമസ സൗകര്യം. രണ്ടെണ്ണം അറ്റകുറ്റപ്പണിക്ക് അടച്ചിട്ടിരിക്കുന്നു. സഞ്ചാരികൾ കൂടുന്നതനുസരിച്ച് കൂടുതൽ മുളങ്കുടിലുകൾ ഒരുക്കണം. ഒരു കുടിലിന് 3000 രൂപയാണ് നിരക്ക്. ഇടത്തരക്കാർക്ക് കുറഞ്ഞ നിരക്കിൽ താമസ സൗകര്യം ഏർപ്പെടുത്തണം. കൊട്ടകൾ സൂക്ഷിക്കാൻ മുറികളില്ല. മഴയും വെയിലുമേറ്റ് കിടക്കുന്നു. ഇതിന് പരിഹാരം വേണം. കൊട്ടവഞ്ചിയിലേക്ക് കയറുന്ന ചങ്ങാടം നവീകരിക്കണം. കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണം എന്നും ആവശ്യമുണ്ട്.


