പത്തനംതിട്ട – വിദ്യാർത്ഥിനിയെ ക്ലാസിനിടെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിക്ക് 7 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പത്തനംതിട്ട അതിവേഗസ്പെഷ്യൽ കോടതി ജഡ്ജി ടി മഞ്ജിത്തിന്റെതാണ് വിധി. പെരുമ്പെട്ടി പോലീസ് 2022 ൽ രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയ കേസിലാണ് വിധി പുറപ്പെടുവിച്ചത്. ആലപ്പുഴ പുന്നപ്ര വണ്ടാനം കക്കാടം തെക്കേവാപറമ്പിൽ വീട്ടിൽ നിന്നും കൊല്ലം ശക്തികുളങ്ങര കാവനാട് കുരീപ്പുഴ പനമമൂട്ടിൽ കിഴക്കേതിൽ വീട്ടിൽ മുഹമ്മദ് സാലിഹ്(58) ആണ് ശിക്ഷിക്കപ്പെട്ടത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
2022 ഫെബ്രുവരി രണ്ടിനും 13 നുമിടയിലാണ് 12 കാരിയെ ഇയാൾ ശരീരത്തിൽ കടന്നുപിടിച്ച് ലൈംഗികമായി ഉപദ്രവിച്ചത്. 14 ന് പരാതി പ്രകാരം കേസെടുത്ത പെരുമ്പെട്ടി പോലീസ് ഉടനടി പ്രതിയെ പിടികൂടിയിരുന്നു. പോക്സോ നിയമത്തിലെ 10, 9(l) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. അന്നത്തെ പെരുമ്പെട്ടി പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ജോബിൻ ജോർജ് കേസെടുത്തു അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് എസ് ഐ സോമനാഥൻ നായർ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ റോഷൻ തോമസ് ഹാജരായി. കോടതിനടപടികളിൽ എ എസ് ഐ ഹസീന പങ്കാളിയായി.


