സെക്രട്ടറിയുടെ ദുരൂഹമരണത്തിന്റെ ഞെട്ടലില്‍ സഹപ്രവര്‍ത്തകരും നാട്ടുകാരും

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ഇടുക്കി മൂലമറ്റം അറക്കുളം 12ാം മൈല്‍ കരിപ്പിലങ്ങാട് കടുകുംമാക്കല്‍ വീട്ടില്‍ കെ.കെ. സജിത്ത് കുമാര്‍(45) പത്തനംതിട്ട നഗരസഭ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത് ഏഴു മാസം മുന്‍പാണ്. കണ്ണൂരില്‍ നിന്നുമാണ് ഇവിടേക്ക് എത്തിയത്. ഹൃദ്യമായ പെരുമാറ്റവും ജോലിയിലെ ആത്മാര്‍ഥതയും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏവരുടെയും ഹൃദയം കവര്‍ന്ന സജിത്തിന്റെ വേര്‍പാടിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും ജനപ്രതിനിധികളും നാട്ടുകാരും.

ഇന്‍ഡോറില്‍ മാലിന്യ സംസ്‌കരണത്തെപ്പറ്റി പഠിക്കാന്‍ പോയ സജിത്ത് അവിടെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഇന്‍ഡോര്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് കേരളത്തില്‍ നിന്നുള്ള 33 അംഗ സംഘം താമസിച്ചിരുന്ന ഇന്‍ഡോര്‍ ബൈപ്പാസിലുള്ള ഹോട്ടല്‍ ബ്രൈറ്റിലെ മുറിയിലാണ് സജിത്ത് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വിളിച്ചിട്ടും എണീല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി.

ചൊവ്വാഴ്ച രാത്രിയിലെ സംഭവ വികാസങ്ങളാണ് ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കനാഡിയ പൊലീസ് പരിശോധിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക വിവരങ്ങള്‍ പൊലീസ് മാധ്യമങ്ങളുമായി പങ്കു വച്ചിരുന്നു. തലയ്ക്ക് പരുക്കുണ്ടെന്നും ആമാശയത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നുവെന്നും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി. യാദവ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി ബാല്‍ക്കണിയില്‍ സജിത്ത് തലയിടിച്ചു വീണുവെന്നും താന്‍ എടുത്ത് മുറിയില്‍ കൊണ്ടു വന്നു കിടത്തിയെന്നും ഒപ്പം താമസിച്ചിരുന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.

എംബാം ചെയ്ത മൃതദേഹം കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ജെറി അലക്‌സ് എന്നിവരും ഉണ്ടായിരുന്നു. എംബാം ചെയ്ത പെട്ടിയില്‍ നിന്നും മൃതദേഹം എടുക്കുമ്പോള്‍ കണ്ണിന് താഴെയും ചെവിക്ക് പിന്നിലും പരുക്കുകള്‍ കണ്ടു. ഇതു സംബന്ധിച്ച് ഇംഗ്ലീഷ് പത്രങ്ങളില്‍ വന്ന വാര്‍ത്ത കൂടിയായതോടെ ചെയര്‍മാനും സംഘവും മൃതദേഹം ദഹിപ്പിക്കാതെ സംസ്‌കരിക്കാന്‍ ബന്ധുക്കളോട് നിര്‍ദേശിക്കുകയായിരുന്നു.

തൊടുപുഴയിലെ വൈദ്യുതി ശ്മശാനത്തില്‍ ദഹിപ്പിക്കാനുള്ള തീരുമാനം മാറ്റി വീട്ടു വളപ്പില്‍ മറവു ചെയ്യുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള സംഘത്തില്‍ നിന്നുള്ളവരുടെ മൊഴി കനാഡിയ പൊലീസ് രേഖപ്പെടുത്തിയിരുന്നു. കൂടെയുള്ളവരുടെ മൊഴിയും രേഖപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് സജിത്ത് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നാണ് ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഡീഷണല്‍ കമ്മിഷണര്‍ സിദ്ധാര്‍ഥ് ജെയിനും പറഞ്ഞു.

ജോലിയില്‍ വളരെയധികം ആത്മാര്‍ഥതയും സഹപ്രവര്‍ത്തകരോടും നാട്ടുകാരോടും കരുണയും കാട്ടിയിരുന്ന ആളാണ് സജിത്തെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ജോലികള്‍ എല്ലാം കൃത്യമായി ചെയ്തു തീര്‍ക്കും. ഒരു ഫയല്‍ പോലും കെട്ടിക്കിടക്കാന്‍ അനുവദിച്ചിരുന്നില്ല. സഹപ്രവര്‍ത്തകരെ സംരക്ഷിക്കുന്ന കാര്യത്തിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. എന്തെങ്കിലും കാര്യങ്ങള്‍ക്കായി നഗരസഭയില്‍ എത്തുന്നവരോടും മാന്യമായ പെരുമാറ്റമായിരുന്നു സജിത്തിന്റേതെന്നും സക്കീര്‍ ഹുസെന്‍ അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *