തിരുവനന്തപുരം :- നോർക്ക പ്രവാസികൾക്കായി അവതരിപ്പിച്ച നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രവർത്തനം സംശയ നിഴലിൽ. പദ്ധതിയുടെ നിർവഹണം സ്വകാര്യ ഏജൻസിക്ക് നൽകിയിരിക്കുകയാണ്. നോർക്കയുടെ സൈറ്റിൽ കയറി പദ്ധതിയിൽ അംഗത്വമെടുക്കാൻ രജിസ്റ്റർ ചെയ്യുന്നവർ നേരെ പോകുന്നത് സ്വകാര്യ ഏജൻസിയുടെ സൈറ്റിലേക്ക്. സ്വകാര്യ ബ്രോക്കിങ് ഏജൻസി പൂർണമായും സൗജന്യമായിട്ടാണ് ഈ സേവനം ഒരുക്കിയിരിക്കുന്നതെന്നും ഇൻഷുറൻസ് കമ്പനിക്ക് നോർക്ക നേരിട്ടാണ് പണം നൽകുന്നതെന്നും സിഇഒ അജിത്‌കൊളാടി പറയുന്നു. എന്നാൽ, കമ്മിഷൻ ഇനത്തിൽ ലഭിക്കുന്ന കോടികൾ ഏജൻസി പോക്കറ്റിലാക്കുന്നത് സംബന്ധിച്ച് ഇവർക്കൊന്നുമറിയില്ലെന്നാണ് പറയുന്നത്.
സാധുവായ നോർക്ക പ്രവാസി ഐഡി/സ്റ്റുഡന്റ് ഐഡി/എൻആർഐ ഐഡി കാർഡുള്ള 18 നും 70 നുമിടയിൽ പ്രായമുള്ളവർക്കാണ് പദ്ധതിയിൽ ചേരാൻ സാധിക്കുക. ആദ്യം 450 രൂപ മുടക്കി നോർക്ക ഐഡി കാർഡ് എടുക്കണം. അതിന് ശേഷം ഇൻഷുറൻസ് പോളിസി എടുക്കാൻ ശ്രമിക്കുമ്പോൾ നോർക്ക സൈറ്റിൽ നിന്ന് norkacareplus.akshayagroup.net.in എന്ന സൈറ്റിലേക്കാണ് റീഡയറക്ട് ചെയ്യുന്നത്. ഈ സൈറ്റ് എഡിഎസ്എൽ എന്ന ഒരു കമ്പനിയുടേത് എന്നാണ് കാണിക്കുന്നത്. അതായത് akshayagroup.net.in എന്ന കമ്പനി അവരുടെ അതിൽ പറയുന്നത് അക്ഷയ ഡൈനാമിക് സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ്. പക്ഷേ, ഈ പേരിൽ പോളിസി ബ്രോക്കേജ് സ്ഥാപനം നിലവിലില്ല. ഇനി ഇവരുടെ പേജിൽ കയറി നോക്കിയാൽ കാണാൻ കഴിയുന്നത് ബംഗളൂരു അഡ്രസാണ്. ഈ അഡ്രസ് നിലവിലില്ലാത്തതാണ്. About us പേജിലാകട്ടെ ഒരു യുഎസ് അഡ്രസും യുകെ ഫോൺ നമ്പരുമാണ്. ഇതിൽ നൽകിയിരിക്കുന്ന ഇമെയിൽ ഐഡിയും പ്രവർത്തിക്കാത്തതാണ്.
ഇനി ഇതിലെ മുകളിൽ പറഞ്ഞ ലിങ്കിന്റെ അവസാനമുള്ള .in മാറ്റിയാൽ akshayagroup.net എന്നൊരു ലിങ്കിലേക്ക് പോയാൽ ഐആർഡിഎ അംഗീകരിച്ച അക്ഷയ ഇൻഷുറൻസ് ബ്രോക്കറേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ശരിക്കുള്ള പോളിസി ബ്രോക്കറുടെ പേജിലെത്തും. രണ്ട് സൈറ്റിലെയും ലോഗോയും പേജ് ലേഔട്ടുകളും ഏകദേശം ഒരു പോലെ ആണ്. നോർക്കയോടോ ഏജൻസിയോടോ ഈ പോളിസിയുടെ ടേംസ് ആൻഡ് കണ്ടിഷൻ ചോദിച്ചാൽ അത് ലഭ്യമല്ല. മറിച്ച് ഈ പോളിസിയുടെ ഗുണഗണങ്ങൾ വർണ്ണിക്കുന്ന ഒരു പരസ്യ കട്ടിങ്ങിന്റെ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തു നൽകും. ഇന്ത്യക്ക് പുറത്ത് പ്രവാസികൾക്കിടയിൽ പലരും ഈ പോളിസി എടുപ്പിക്കുന്നതിനായി വലിയ രീതിയിലുള്ള മാർക്കറ്റിങ് പരിപാടികൾ നടത്തുന്നുണ്ട്. മിനിമം 25,000 മുതൽ 75,000 രൂപ വരെ പ്രീമിയം എന്ന പേരിൽ പിരിച്ചാണ് പോളിസിയിൽ ചേർക്കുന്നത്.
പദ്ധതി തീർത്തും സംശയകരമായ സാഹചര്യത്തിൽ നോർക്ക സിഇഓ അജിത് കോളാശേരിയുമായി ബന്ധപ്പെട്ടു. പദ്ധതി നിർവഹണം ഐആർഡിഎ അംഗീകരിച്ച ഏജൻസിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. അവർ പൂർണമായും സൗജന്യമായിട്ടാണ് പദ്ധതി നടത്തുന്നത്. മത്സരസ്വഭാവമുള്ള ടെണ്ടർ വിളിച്ചാണ് ഈ ഏജൻസിക്ക് നിർവഹണ ചുമതല നൽകിയത്. പദ്ധതിക്ക് പറയുന്ന മാനദണ്ഡങ്ങൾ എല്ലാം പാലിക്കപ്പെടുന്നതു കൊണ്ടാണ് അവർക്ക് തന്നെ നൽകിയിരിക്കുന്നത്. കാലാവധി ഒരു വർഷമാണ്. അതാത് വർഷം പുതുക്കി നൽകും. പോളിസി എടുക്കുന്നയാൾ അടയ്ക്കുന്ന പ്രീമിയം തുക നേരെ നോർക്കയുടെ അക്കൗണ്ടിലേക്കാണ് പോകുന്നത്. ഇവിടെ നിന്നുമാണ് ഇൻഷുറൻസ് കമ്പനിക്ക് പണം കൈമാറുന്നത്. നിലവിൽ ന്യൂ ഇന്ത്യ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനികളുടെ പോളിസിയാണ് നൽകുന്നത്. ഏതു കമ്പനിക്ക് പോളിസി നൽകണമെന്ന് തെരഞ്ഞെടുക്കുന്നത് ബ്രോക്കിങ് ഏജൻസിയാണ്. നടപടി ക്രമങ്ങൾ എല്ലാം സുതാര്യമാണെന്നും നോർക്ക സിഇഓ പറയുന്നു.
*ബ്രോക്കിങ് ഏജൻസിക്ക് കിട്ടുന്നത് കോടികൾ നോർക്ക നേരിട്ട് പദ്ധതി നടത്തിയാൽ പ്രയോജനം പ്രവാസികൾക്ക്..
നോർക്ക കെയർ പ്ലസ് പദ്ധതിയുടെ നടത്തിപ്പ് പരിശോധിച്ചാൽ കമ്മിഷൻ ഇനത്തിൽ കോടികൾ സ്വകാര്യ ബ്രോക്കിങ് ഏജൻസിയുടെ കൈയിലെത്തുമെന്ന് മനസിലാക്കാം. എല്ലാ ഇൻഷുറൻസ് പോളിസികൾക്കും ഏജൻസി കമ്മിഷൻ ഒരു നിശ്ചിത ശതമാനം അതാത് കമ്പനികൾ നൽകാറുണ്ട്. ഉദാഹരണത്തിന് മാരുതി നിർമിച്ച് വിൽക്കുന്ന വാഹനങ്ങൾക്കുള്ള ഇൻഷുറൻസ് പോളിസിയുടെ ബ്രോക്കിങ് ഏജന്റ് മാരുതി കമ്പനി തന്നെയാണ്. ഇവർ നിരവധി കമ്പനികളുടെ പോളിസി നൽകാറുണ്ട്. മാരുതി വാഹനം എടുക്കുന്നവർ അവിടെ നിന്നുമുള്ള ഇൻഷുറൻസ് പോളിസി തന്നെയാകും എടുക്കുക. ഇതിന്റെ ഏജൻസി കമ്മിഷൻ മാരുതിക്ക് തന്നെ കിട്ടും. അങ്ങനെ ആ വരുമാനം കൂടി മാരുതി കമ്പനിക്കാണ് ലഭിക്കുന്നത്.
ഇവിടെ നോർക്ക കെയർ പദ്ധതി നടത്തിപ്പിനായി ഒരു നിർവഹണ ഏജൻസിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഓരോ പോളിസിയിൽ നിന്നുമുളള ഏജൻസി കമ്മിഷൻ ആ കമ്പനിക്കാണ് ലഭിക്കുന്നത്. അതായത് 25000 മുതൽ 75,000 വരെയുള്ള പ്രീമിയത്തിന്റെ ഏജൻസി കമ്മിഷനായി കമ്പനിക്ക് കോടികൾ കിട്ടും. നോർക്ക സിഇഓ പറയുന്നത് പദ്ധതി നടത്തിപ്പിന് സ്വകാര്യ ഏജൻസിക്ക് സർവീസ് ഫീസ് നൽകുന്നില്ലെന്നും അവർ തീർത്തും സൗജന്യമായിട്ടാണ് പ്രവർത്തിക്കുന്നതും എന്നാണ്. അപ്പോൾ പോളിസിക്ക് കിട്ടുന്ന കമ്മിഷനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നൽകുന്നില്ല. ഈ ഏജൻസിയെ തെരഞ്ഞെടുത്ത മാനദണ്ഡത്തെക്കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല.
പദ്ധതി നോർക്ക നേരിട്ട് നടത്തുകയാണെങ്കിൽ ഇൻഷുറൻസ് കമ്പനി നൽകുന്ന ഏജൻസി കമ്മിഷൻ സബ്‌സിഡിയായി പോളിസിയിൽ ചേരുന്നവർക്ക് മടക്കി നൽകാൻ സാധിക്കും. അതോടെ ഭീമമായ പോളിസി നിരക്ക് കുറയും. ഇത് പ്രവാസികൾക്ക് വലിയ സഹായമാവുകയും ചെയ്യും. എന്നാൽ, ഇവിടെ അതിനൊന്നും ശ്രമിക്കാതെ ഒരു സ്വകാര്യ ഏജൻസിക്ക് പദ്ധതി നടത്തിപ്പ് നൽകിയിരിക്കുകയാണ്. അവർ പൂർണമായും സൗജന്യ സേവനം നൽകുന്നുവെന്ന് മേനി നടിക്കുന്ന നോർക്ക മറുവശത്തു കൂടി വൻ തുക അവർ കമ്മിഷനായി കൈപ്പറ്റുന്നതിന് നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു. ഈ ഡീലിൽ വൻ അഴിമതി നടന്നുവെന്ന് സംശയിക്കാം. ഈ ഏജൻസിക്ക് കിട്ടുന്ന കമ്മിഷന്റെ ഒരു വിഹിതം നോർക്കയ്ക്ക് നൽകിയിരുന്നുവെങ്കിൽ പദ്ധതി സംശയാതീതമാവുമായിരുന്നു. ഇവിടെ പക്ഷേ, വലിയ ദുരൂഹതയാണുള്ളത്.


