ആലപ്പുഴ:- രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ മുന്‍ എം.എല്‍.എ. എ.വി. താമരാക്ഷന്‍ മാതൃസംഘടനയായ ആര്‍.എസ്.പിയിലേക്ക് മടങ്ങുന്നു. എന്‍.ഡി.എ. മുന്നണിയില്‍ നേരിട്ടും ഹം പാര്‍ട്ടി വഴിയും നടത്തിയ പ്രവര്‍ത്തനങ്ങളില്‍ മതിയായ പരിഗണന ലഭിക്കാത്തതാണ് ചുവടുമാറ്റത്തിന് പിന്നിലെ പ്രധാന കാരണം. മടങ്ങിവരവ് സംബന്ധിച്ച് ആര്‍.എസ്.പി. നേതൃത്വവുമായി അദ്ദേഹം പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായാണ് വിവരം.
വര്‍ഷങ്ങളോളം ആര്‍.എസ്.പിയുടെ കരുത്തുറ്റ മുഖമായിരുന്ന താമരാക്ഷന്‍, പിന്നീട് പാര്‍ട്ടി വിട്ട് ആര്‍.എസ്.പി. (ബി) രൂപീകരിക്കുകയും എന്‍.ഡി.എയുടെ ഭാഗമാവുകയുമായിരുന്നു. ബിഹാറിലെ ജിതന്‍ റാം മാഞ്ചിയുടെ ഹം പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചു. എന്നാല്‍, തിരഞ്ഞെടുപ്പ് വേളകളില്‍ എന്‍.ഡി.എ. നേതൃത്വം തന്നോട് അവഗണന കാണിച്ചുവെന്ന പരാതി അദ്ദേഹം അടുത്ത അനുയായികളുമായി പങ്കുവെച്ചിരുന്നു.
ഘടകകക്ഷികള്‍ക്ക് അര്‍ഹമായ സീറ്റുകളോ രാഷ്ട്രീയ പരിഗണനയോ നല്‍കുന്നതില്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.ആലപ്പുഴയില്‍ രാഷ്ട്രീയ ചലനങ്ങള്‍ താമരാക്ഷന്റെ തിരിച്ചുവരവ് ആലപ്പുഴയിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
തീരദേശ മേഖലകളില്‍ ഇപ്പോഴും സ്വാധീനമുള്ള നേതാവിനെ തിരികെ എത്തിക്കുന്നത് ആര്‍.എസ്.പിക്ക് കരുത്ത് പകരും. നിലവില്‍ യു.ഡി.എഫിന്റെ ഭാഗമായ ആര്‍.എസ്.പിയിലേക്ക് അദ്ദേഹം എത്തുന്നതോടെ ജില്ലയില്‍ മുന്നണിയുടെ അടിത്തറ വിപുലമാക്കാന്‍ സാധിക്കുമെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു.
സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക തീരുമാനം വന്നാലുടന്‍ അദ്ദേഹം മാതൃസംഘടനയില്‍ അംഗത്വമെടുക്കും. എന്‍.ഡി.എ. പാളയത്തില്‍ നിന്ന് വീണ്ടുമൊരു മുതിര്‍ന്ന നേതാവ് യു.ഡി.എഫ്. ഘടകകക്ഷിയിലേക്ക് മടങ്ങുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എയ്ക്ക് രാഷ്ട്രീയമായി തിരിച്ചടിയാകും.


