പത്തനംതിട്ട – ആധികാരിക രേഖകള്‍ സ്വന്തമാക്കാന്‍ സാധിച്ചതിന്റെ ആത്മ സംതൃപ്തിയിലാണ് കാടിന്റെ മക്കളായ അട്ടത്തോട്, മഞ്ഞത്തോട്, പ്ലാപ്പളളി, ളാഹ, വേലംപ്ലാവ് നിവാസികള്‍. ജില്ലാ ഭരണ കേന്ദ്രം, ഐടി മിഷന്‍, പട്ടിക വര്‍ഗ വികസന വകുപ്പ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ജില്ലയിലെ എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്കി വരുന്ന എ ബി സി ഡി പദ്ധതിയുടെ ഭാഗമായാണ് റാന്നി- പെരുനാട് ഗ്രാമ പഞ്ചായത്തിലെ അട്ടത്തോട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാംപിലൂടെ ഇവര്‍ക്ക് എല്ലാ അടിസ്ഥാന രേഖകളും ലഭ്യമാക്കിയത്.
ക്യാംപിലൂടെ 39 പേര്‍ക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും, 102 പേര്‍ക്ക് റേഷന്‍ കാര്‍ഡും 76 പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും നല്കി. അഞ്ച് പേര്‍ക്ക് ജനന സര്‍ഫിക്കറ്റ് നല്കി. ആധാര്‍ എന്റോള്‍മെന്റ്, ആധാര്‍ അപ്‌ഡേഷന്‍ എന്നീ സേവനങ്ങള്‍ 63 പേര്‍ക്ക് നല്കി. മൂന്ന് പേര്‍ക്ക് ബാങ്കിംഗ് കിയോസ്‌ക്ക് സേവനം ഉറപ്പാക്കി. രേഖകള്‍ ഡിജിറ്റല്‍ രീതിയില്‍ സൂക്ഷിച്ചു വയ്ക്കുന്ന ഡിജി ലോക്കര്‍ സംവിധാനത്തിലൂടെ 188 പേരുടെ രേഖകളുടെ സുരക്ഷിതത്വം ഉറപ്പാക്കി.
ക്യാംപിന്റെ ഉദ്ഘാടനം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി നിര്‍വഹിച്ചു. വാര്‍ഡ്് അംഗം മഞ്ജു പ്രമോദ് അധ്യക്ഷത വഹിച്ചു. ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ കെ. ധനേഷ്, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. നിസാര്‍, ആരോഗ്യ സുരക്ഷാ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡെന്നീസ് ജോണ്‍, അക്ഷയ അസിസ്റ്റന്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, എസ്.ഷിനു, ലീഡ് ബാങ്ക് പ്രതിനിധി വിജി, റാന്നി താലൂക്ക് സപ്ലൈ ഓഫീസ് പ്രതിനിധി റിയാസ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ ഊരുമൂപ്പന്‍ നാരായണന്‍, എസ് റ്റി പ്രമോട്ടര്‍ പി.എം. മോനിഷ്, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത്, സിവില്‍ സപ്ലൈസ്, ആരോഗ്യ സുരക്ഷാ പദ്ധതി, ലീഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാംപ് സംഘടിപ്പിച്ചത്. അക്ഷയ സംരംഭകരായ ആര്‍. രാജശ്രീ, റ്റി.വി. കുര്യന്‍, എന്‍. കൃഷ്ണദാസ്, സൗമ്യ സിസി എബ്രഹാം, വി.എം. സാജന്‍ എന്നിവരാണ് ക്യാംപിന് ക്രമീകരണം ഒരുക്കിയത്.
(ജൂണ്‍ 20) ചിറ്റാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ക്യാംപിലൂടെ കൊടുമുടി, പാമ്പിനി, വേളിമല എന്നീ ട്രൈബല്‍ സങ്കേതങ്ങളിലുളളവര്‍ക്ക് അടിസ്ഥാന രേഖകള്‍ നല്‍കും.


