കോഴഞ്ചേരി – ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌കരണത്തിന് പരിഹാരമായി ജൈവവാതകസംവിധാന നിർമാണം അവസാനഘട്ടത്തിൽ. ശുചിത്വ മിഷനും ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളും സംയുക്തമായി 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പഞ്ചായത്ത് സ്റ്റേഡിയത്തിൽ സംവിധാനം ഒരുക്കുന്നത്. പ്രതിദിനം ഒരു ടൺ മാലിന്യം ഇവിടെ സംസ്‌കരിക്കാനാകും.
കോഴിക്കടകളിലെ മാലിന്യം, ആട്മാടുകളുടെ വിസർജ്യം, ആഹാരവശിഷ്ടങ്ങൾ ഉൾപ്പടെയുള്ളവ നിക്ഷേപിക്കാം. ജൈവവാതക സംവിധാനത്തിലെ അഴുകൽ പ്രക്രിയ വഴി ലഭിക്കുന്ന വാതകം വാണിജ്യ മേഖലയിലും ഉപയോഗിക്കാം.പുകയും ദുർഗന്ധവുമില്ലാതെ പാചകവുമാകാം.
ജൈവവാതകത്തോടൊപ്പം ലഭ്യമാകുന്ന സ്ലറി ജൈവ വളമായി ഉപയോഗിക്കാനാകും; നേർപ്പിച്ചോ കമ്പോസ്റ്റ് രൂപത്തിലോ ഉപയോഗിക്കാം.
റെയ്ഡ്‌കോ കമ്പനിക്കാണ് നിർമാണ ചുമതല. ഹരിതകർമസേനയുടെ സേവനമാണ് മാലിന്യ ശേഖരണത്തിന് വിനിയോഗിക്കുക. ജൈവ വാതക സംവിധാനത്തിൽ നിന്നുമുള്ള ഊർജത്തെ സ്റ്റേഡിയത്തിലെ വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കാനായി പ്രയോജനപ്പെടുത്താനുള്ള പദ്ധതിയും പരിഗണനയിലാണ് എന്ന് പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ് പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

