അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചു ആത്മഹത്യാ ശ്രമം ; പന്തളത്ത് ഡോക്ടർ ദമ്പതികൾ തീവ്രപരിചരണ വിഭാഗത്തിൽ

Kerala Pathanamthitta
Print Friendly, PDF & Email

പന്തളം: വിവിധ പ്രദേശങ്ങളിലായി രണ്ടു ക്ലിനിക്കുകൾ നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശികളായ ഡോക്ടർ ദമ്പതിമാർ അമിത അളവിൽ ഇൻസുലിൻ ശരീരത്ത് ചെന്ന് ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ. കുന്നിക്കുഴിയിൽ ആർ.ആർ. ക്ലിനിക് നടത്തുന്ന ഡോ. മണിമാരൻ (63), ഭാര്യ പന്തളം അപ്പോളോ ആശുപത്രി ഉടമ ഡോ: കൃഷ്ണവേണി ( 58) എന്നിവരാണ് സിഎം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിയുന്നത്. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല.

വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ ഇവരുടെ ആശുപത്രിയിലെ ജീവനക്കാരാണ് രണ്ടു പേരെയും അവശനിലയിൽ വീട്ടിൽ കണ്ടെത്തിയത്. ക്ലിനിക്ക് തുറക്കാതെ വന്നതിനെ തുടർന്നാണ് ജീവനക്കാർ വീട്ടിലെത്തിയത്. ഇരുവരെയും വിളിച്ചപ്പോൾ പ്രതികരണം ഇല്ലാതെ വന്നപ്പോൾ പന്തളം പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി വീട് തുറന്ന് അവശനിലയിൽ കണ്ട ഇരുവരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമിത അളവിൽ ഇൻസുലിൻ കുത്തി വച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

സുഹൃത്തുക്കൾക്കും മകൻ അടക്കം പത്തോളം പേർക്കും കത്തുകൾ എഴുതി വച്ചിരുന്നു. കത്തിൽ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും മൃതദേഹം തമിഴ്‌നാട്ടിൽ അടക്കം ചെയ്യണമെന്നും പറഞ്ഞിട്ടുണ്ട്. ഐഎംഎ പന്തളം മേഖല വൈസ് പ്രസിഡന്റായിരുന്നു മണിമാരൻ. നാൽപ്പതു വർഷത്തോളമായി ദമ്പതികൾ തമിഴ്‌നാട്ടിൽ നിന്ന് വന്ന് പന്തളത്ത് ക്ലിനിക്ക് നടത്തി വരികയായിരുന്നു ഇരുവരും. ആത്മഹത്യാ ശ്രമത്തിനുള്ള കാരണം വ്യക്തമല്ല. വ്യാഴാഴ്ച രാത്രിയിൽ ആശുപത്രി ക്ലിനിക്കിൽ എത്തിയ ഡോക്ടർമാർ എന്ത് അത്യാവശ്യം ഉണ്ടെങ്കിലും രാവിലെ ഒമ്പതു മണി വരെ വിളിക്കരുതെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. രാവിലെ വീട്ടിലെത്തിയ പൊലീസ് ആദ്യം വീടിന്റ ജനൽ പാളികൾ പൊളിച്ചപ്പോളാണ് ഇരുവരും അവശനിലയിൽ കിടക്കുന്നത് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *