വീപ്പ വെച്ച് റിബൺ കെട്ടി ‘ സുരക്ഷ ‘ ; എടത്വ – തോട്ടടി റോഡിലെ കലുങ്കുകൾ അപകടാവസ്ഥയിൽ ; പുതുക്കി നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

Alappuzha Kerala
Print Friendly, PDF & Email

തലവടി : പാരേത്തോട് വട്ടടി റോഡിൽ തലവടി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ ചീരംക്കുന്നേൽ പടിക്ക് സമീപം ഉള്ള കലുങ്കിന്റെ തിട്ട ഇടിഞ്ഞ് അപകടാവസ്ഥയിട്ട് മാസങ്ങളായി. വാർത്തയായതിനെ തുടർന്ന് അധികൃതർ എത്തി വീപ്പ വെച്ച് റിബൺ കെട്ടി ‘ സുരക്ഷ ‘ ഒരുക്കിയെങ്കിലും പുതിയ കലുങ്ക് നിർമ്മിച്ച് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യം ശക്തമാകുകയാണ്.

പാരേത്തോട് വട്ടടി റോഡിനെ ബന്ധിപ്പിക്കുന്ന എടത്വ വട്ടടി റോഡിലുള്ള മടയ്ക്കൽ കലുങ്കിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. രണ്ട് റോഡുകളും വീതി കൂട്ടി മികച്ച നിലവാരത്തിൽ നിർമ്മിച്ചെങ്കിലും കലുങ്ക് വീതി കൂട്ടി നിർമ്മിച്ചിട്ടില്ല.ആയതിനാൽ ഭാരം കയറ്റി വരുന്ന ലോറികൾ കലുങ്കൂകളിലൂടെ കടന്നു പോകുന്നത് ദുഷ്ക്കരം ആണ്.

ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ആണ് ഇത്. നടപ്പാത മാത്രം ഉണ്ടായിരുന്ന അവസരത്തിലാണ് വർഷങ്ങൾക്ക് മുമ്പ് വീതികുറഞ്ഞ കലുങ്ക് ഇവിടെ നിർമ്മിച്ചത്.പ്രധാനമന്ത്രി സഡക്ക് യോജന ഗ്രാമീണ പദ്ധതി പ്രകാരം വീതി ഉള്ള റോഡിൻ്റെ നിർമ്മാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിയുന്നു. കഴിഞ്ഞ 3 വർഷമായി കലുങ്കിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ് .തലവടി തെക്കെ കരയിലുള്ളവർക്ക് നിരണം,മാവേലിക്കര ,ഹരിപ്പാട് എന്നീ ഭാഗങ്ങളിലേക്കും
നിരണത്ത് നിന്ന് അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയുമായും ആലപ്പുഴ,എടത്വ എന്നിവിടങ്ങളിലേക്കും ബന്ധപെടുന്നതിന് എളുപ്പമാർഗം കൂടിയാണ് ഈ റോഡ്.വിളവെടുപ്പ് സമയത്ത് കൊയ്ത്ത് മെഷീൻ ഉൾപ്പെടെ മില്ലുടമകളുടെ നെല്ല് സംഭരിക്കാൻ ഉള്ള വാഹനങ്ങൾ ഇത് വഴിയാണ് എത്തുന്നത്.

അപകടം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതി പ്രസിഡൻ്റ് സന്തോഷ് മാത്യു, പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള എന്നിവർ ആവശ്യപ്പെട്ടു.

ഫോട്ടോ📸 : എടത്വ – കാട്ടുനിലം റോഡും പാരേത്തോട് – വട്ടടി റോഡുകളും തമ്മിൽ ബന്ധിപ്പിക്കുന്ന മടയ്ക്കൽ കലുങ്കിലൂടെ തലവടി ചൂട്ടുമാലി പാടശേഖരത്തിന്റെ നെല്ല് കയറ്റിയ ലോറി മില്ലിലേക്ക് കടന്നു പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *