തിരുവല്ല: പിണങ്ങി മാറിയ കാമുകനോടുള്ള വിരോധം തീർക്കാൻ യുവതിയുടെ കടുംകൈ. കാമുകന്റെ പ്രസവിച്ചു കിടന്ന ഭാര്യയെ വായു ഞരമ്പിലൂടെ കുത്തി വച്ച് കൊല്ലാൻ ശ്രമിച്ച യുവതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം പുല്ലുകുളങ്ങര സ്വദേശി അപ്പുവിന്റെ ഭാര്യ അനുഷ (25) യാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലെ മുറിയിൽ നഴ്സിന്റെ വേഷം ധരിച്ചു കടന്നാണ് യുവതി പ്രതികാരത്തിനൊരുങ്ങിയത്. കായംകുളം കരിയിലക്കുളങ്ങര സ്വദേശി അരുണിന്റെ ഭാര്യ സ്നേഹ(24)യാണ് ആശുപത്രി അധികൃതരുടെ ഇടപെടൽ മൂലം രക്ഷപ്പെട്ടത്.
ഫാർമസി കോഴ്സ പഠനം കഴിഞ്ഞ അനുഷ അരുണുമായി അടുപ്പത്തിലായിരുന്നു. അടുത്ത കാലത്ത് ഇവർ തമ്മിൽ തെറ്റിയെന്ന് പറയുന്നു. ഇതേ തുടർന്നാണ് പ്രതികാരത്തിനൊരുങ്ങിയത് എന്നാണ് യുവതിയുടെ മൊഴി. എയർ എംബോളിസം മാർഗത്തിലൂടെ വധിക്കാനായിരുന്നു ശ്രമിച്ചത്. ഒഴിഞ്ഞ സിറഞ്ചിൽ പിസ്റ്റൻ പിന്നാക്കം പിടിച്ച് വായു നിറച്ച ശേഷം കുത്തി വയ്ക്കാനായിരുന്നു ശ്രമിച്ചത്.
മറ്റു നഴ്സുമാർ കണ്ടതു കാരണമാണ് സ്നേഹ രക്ഷപ്പെട്ടത്. ധമനിയിലൂടെ വായു കയറിയാൽ രക്തസഞ്ചാരം നിലച്ച് കാർഡിയാക് അറസ്റ്റുണ്ടായി മരണം സംഭവിക്കാം. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്


