ഖാദിയിലൂടെ മികച്ച തുണിത്തരങ്ങൾ പരമാവധി വിലക്കുറവിൽ ജനങ്ങളിലെത്തിക്കും : മന്ത്രി വീണാ ജോർജ്.

Kerala Fashion
Print Friendly, PDF & Email

പത്തനംതിട്ട – ഖാദി സ്ഥാപനങ്ങളിലൂടെ മികച്ച തുണിത്തരങ്ങൾ പരമാവധി വിലക്കുറവിൽ ജനങ്ങളിലെത്തിക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദി മേള 2023 ന്റെ പത്തനംതിട്ട ജില്ലാ തല ഉദ്ഘാടനം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഖാദി മേഖല വെല്ലുവിളികൾ നേരിടുന്നുണ്ട്. വനിതാ തൊഴിലാളികളാണ് ഈ മേഖലയിൽ കൂടുതലായി ഉള്ളത്. ഖാദി സമൂഹത്തെ പിന്തുണക്കേണ്ടത് അനിവാര്യമാണ്. ഈ വർഷം 10 കോടി രൂപയുടെ വിപണനമാണ് ഖാദി ബോർഡ് ലക്ഷ്യം വെയ്ക്കുന്നത്. ഈ ഓണക്കാലത്ത് ഖാദി ഉത്പന്നങ്ങൾക്ക് ജനങ്ങൾ കൂടുതൽ പിന്തുണ നൽകണമെന്നും മന്ത്രി പറഞ്ഞു.

ചെന്നീർക്കര പഞ്ചായത്തിൽ മാത്തൂരിലുള്ള നൂൽനൂൽപ്പ് കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ച് പുതിയ കെട്ടിടം നിർമിച്ചതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ഖാദി ബോർഡിന്റെ അനുമതി കൂടെ ലഭിച്ച ശേഷം ഇവിടെ പുതിയ ഗാർമെന്റ് ഉത്പന്ന നിർമാണ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു ആദ്യ വിൽപ്പന നിർവഹിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അജി അലക്‌സ്, ഇലന്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് അംഗം കെ.പി. മുകുന്ദൻ, കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഡയറക്ടർ പി.എൻ.മേരി വെർജിൻ, ഖാദി ബോർഡ് മെമ്പർ സാജൻ തോമസ്, കേരള ഗാന്ധി സ്മാരക നിധി അംഗം സി.വാസുദേവൻ പിളള, ആലപ്പുഴ സർവോദയ സംഘം പ്രതിനിധി പ്രവീണ പി. പിള്ള, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ആഗസ്റ്റ് രണ്ട് മുതൽ 28 വരെയാണ് മേള നടക്കുന്നത്. ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റ്, മറ്റ് ആകർഷകമായ സമ്മാന പദ്ധതികളും ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *