പണയത്തിന് എടുക്കുന്ന വാഹനം മറിച്ചു പണയം വയ്ക്കും : നാലു കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

Crime
Print Friendly, PDF & Email

അടൂർ: പണയത്തിന് എടുത്ത വാഹനം മറിച്ചു പണയം വയ്ക്കുകയും അത് പല കൈമറിഞ്ഞു പോവുകയും വിരോധമുള്ളവരുടെ വീടു കയറി ആക്രമിക്കുകയും ചെയ്തത് അടക്കം നാലോളം കേസുകളിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെങ്ങുംതാര ബിനു ഭവനിൽ നന്ദുകൃഷ്ണ(24)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ പണയത്തിന് എടുത്ത വാഹനങ്ങൾ മറിച്ചു പണയം വച്ചതിന് പരാതികൾ നിലവിലുണ്ട്. അവസാനം എടുത്ത രണ്ടു കേസുകളിലാണ് അറസ്റ്റ്. ഇയാൾ പിടിയിലായ വിവരം അറിഞ്ഞ് നിരവധി പരാതിക്കാരാണ് പോലീസ് സ്‌റ്റേഷനിൽ എത്തിയത്.

കഴിഞ്ഞ മാസം 14 ന് മേലൂട് മേലേതിൽ കരിന്തേനൂർ വീട്ടിൽ റുബിൻ തോമസിനെ കമ്പിവടി കൊണ്ട് മർദിച്ച കേസിൽ നന്ദു പ്രതിയാണ്. റുബിൻ തോമസിനെ നന്ദു ചീത്ത വിളിച്ച സംഭവം ഉണ്ടായിരുന്നു. ഇക്കാര്യം ചോദ്യം ചെയ്തതിന്റെ വിരോധം നിമിത്തം 14 ന് രാത്രി 11 ന് റുബിന്റെ വീടിന് സമീപമുള്ള കുരിശടിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന സുഹൃത്ത് അരുണിന്റെ കാർ സ്റ്റീൽ പൈപ്പ് കൊണ്ട് നന്ദു അടിച്ചു തകർത്തിരുന്നു. തടയാൻ ശ്രമിച്ച റൂബിനെ സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. അരുണിന് നേരെയും ആക്രമണം നടന്നു. കാറിന് 70,000 രൂപയുടെ നാശനഷ്ടം ഉണ്ടായി. പണയത്തിനെടുത്ത മൂന്നു വാഹനങ്ങൾ നന്ദു മറിച്ച് പണയം വച്ചു. ഇതിലൊന്ന് ഇയാളുടെ അടുത്ത ബന്ധുവിന്റെ കാർ ആണ്. ഇതിൽ ഒരു വാഹനം പോലീസ് കണ്ടെത്തി കസ്റ്റഡിയിൽ എടുത്തു. കാർ വില്പനയ്ക്കുണ്ടെന്ന് പറഞ്ഞ് ഓൺലൈനിൽ പരസ്യം നല്കി പണം വാങ്ങി കബളിപ്പിച്ചെന്ന പരാതിയിലും നന്ദു പ്രതിയാണ്.

ഓൺലൈൻ വഴി കാർ വില്പനയ്‌ക്കെന്ന പരസ്യം നല്കി 65,000 രൂപ വാങ്ങുകയും വാഹനം നൽകാതെ പറ്റിക്കുകയുമായിരുന്നു. ചേർത്തല സ്വദേശി ഫസലുവാണ് പരാതി നല്കിയത്. കഴിഞ്ഞ മാസം ഒന്നിന് രാത്രി 11 ന് മേലൂട് മാടയ്ക്കൽ വീട്ടിൽ സുമനെ വീടു കയറി ആക്രമിച്ച കേസിലും നന്ദു പ്രതിയാണ്. നന്ദുവിന് കഞ്ചാവ് കച്ചവടമുണ്ടെന്ന് പോലീസിനെയും എക്‌സൈസിനെയും വിളിച്ച് അറിയിച്ചത് സുമനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. വീടിന്റെ ജനാലയും കതകും തകർത്ത് അകത്തു കടന്ന പ്രതി സുമനെ കമ്പിവടിക്ക് അടിക്കുകയും ചെയ്തു. പണയത്തിന് കൊടുത്ത വാഹനം മറിച്ചു വിറ്റുവെന്നും വാടകയ്ക്ക് എടുത്ത് മറിച്ചു വിറ്റുവെന്നും ആരോപിച്ച് നിരവധി പേർ പോലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു. ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ നിർദേശപ്രകാരം എസ്.എച്ച്.ഓ ശ്യാം മുരളിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി ജാമ്യം അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *