നെല്ലിമുകൾ ജയനെതിരേ കാപ്പ : ഇനി വാസം സെൻട്രൽ ജയിലിൽ

Crime Pathanamthitta
Print Friendly, PDF & Email

അടൂർ: അബ്കാരി കേസിൽ കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരിങ്ങനാട് മുണ്ടപ്പള്ളി നെല്ലിമുകൾ മുകളുവിള വടക്കേതിൽ നെല്ലിമുകൾ ജയൻ എന്നറിയപ്പെടുന്ന ജയകുമാറി(47)നെ കാപ്പാ (കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) നിയമ പ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.

അടൂർ, ഏനാത്ത് പത്തനംതിട്ട, ഹരിപ്പാട് പോലീസ് സ്‌റ്റേഷൻ പരിധികളിലായി വധശ്രമം, വീടുകയറി ദേഹോപദ്രവം ഏൽപ്പിക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ, നിരോധിത പുകയില മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യൽ തുടങ്ങി ഇരുപത്തിയഞ്ചോളം കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. നിലവിൽ അടൂർ എക്‌സൈസ് സർക്കിൾ ഓഫീസിൽ രജിസ്റ്റർ ചെയ്ത അബ്കാരി ആക്ട് പ്രകാരമുള്ള കേസിലാണ് കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലായിരുന്നത്. മേയ് മാസം എക്‌സൈസ് രജിസ്റ്റർ ചെയ്ത അബ്കാരി ആക്ട് കേസിൽ പ്രതിയായതിനെത്തുടർന്ന് ഇയാൾ ഒളിവിൽ പോയിരുന്നു, തുടർന്ന് അടൂർ പോലീസ് ഇൻസ്‌പെക്ടർ ഇയാൾക്കെതിരെ കാപ്പാ നടപടികൾ സ്വീകരിക്കുവാനുള്ള ശിപാർശ ജില്ലാ പോലീസ് മേധാവിക്ക് സമർപ്പിച്ചു.

ജൂൺ 20 എക്‌സൈസ് സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഇയാൾ ജാമ്യത്തിനായി ജില്ലാ കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരിക്കുന്ന അവസരത്തിലാണ് ജില്ലാ കലക്ടറുടെ കാപ്പാ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ ഉത്തരവ് ഉണ്ടാകുന്നത്.
ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശ പ്രകാരം, ഡിവൈ.എസ്.പി ആർ. ജയരാജിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്‌പെക്ടർ എസ്. ശ്രീകുമാർ.എസ് സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്.ആർ. കുറുപ്പ്, എസ്. ശ്രീജിത്ത്, അനസ് അലി, ശ്യാംകുമാർ എന്നിവരടങ്ങുന്ന അന്വേഷണസംഘം കോടതിയിൽ നിന്നും അനുമതി വാങ്ങി കൊട്ടാരക്കര സബ്ജയിൽ എത്തി ഇയാളെ അറസ്റ്റ് ചെയ്തു നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചു.

കഴിഞ്ഞ വർഷം ഏപ്രിലിൽ ഇയാൾക്കെതിരെ കാപ്പാ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി തിരുവനന്തപുരം റേഞ്ച് ഡിഐജി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഈ ഉത്തരവ് മറികടന്ന് ജില്ലയിൽ പ്രവേശിച്ച് പത്രപ്രവർത്തകനെയും മാതാവിനെയും ഭീഷണിപ്പെടുത്തിയ കേസിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് ഇയാൾക്ക് എതിരേ കാപ്പാ പ്രകാരം നടപടികൾ സ്വീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *