കോഴഞ്ചേരിയിൽ മോഷ്ടാക്കളുടെ വിളയാട്ടം ; പള്ളിയിലേക്ക് പോകുകയായിരുന്ന വയോധികയുടെ മാല ബൈക്കിലെത്തി കവർന്നു: കൊല്ലീരേത്ത് ദേവീ ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി കുത്തിത്തുറന്നു.

Crime Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി: ടൗണിൽ ഇന്നലെ മോഷ്ടാക്കളുടെ ദിനമായിരുന്നു. ക്ഷേത്രകാണിക്ക വഞ്ചി തകര്‍ത്ത് മോഷണത്തിന് ശ്രമിച്ച് മണിക്കൂറുകള്‍ക്കകമാണ് പള്ളിയില്‍ നിന്ന് മടങ്ങിയ വയോധികയെ പിടിച്ച് മറിച്ചിട്ട് മൂന്നു പവന്റെ മാല കവര്‍ന്നത്. ബൈക്കിലെത്തിയ മോഷ്ടാക്കളില്‍ ഒരാളെ പ്രദേശവാസി മുറുകെ പിടിച്ചെങ്കിലും കുത്തുമെന്ന് ഭീഷണി മുഴക്കി രക്ഷപ്പെട്ടു.

വ്യവസായ കേന്ദ്രത്തിന് സമീപം തിരുവഭരണ പാതയില്‍ ബൈക്കില്‍ എത്തിയവര്‍ നടന്നു പള്ളിയില്‍ നിന്ന് മടങ്ങിയ വയോധികയുടെ മാല അപഹരിക്കുകയായിരുന്നു. മേലേല്‍ പീടികയില്‍ ഉഷയുടെ മൂന്നു പവന്റെ സ്വര്‍ണമാല ആണ് ബൈക്കില്‍ എത്തിയ രണ്ട് പേര്‍ കഴുത്തില്‍ നിന്നും പൊട്ടിച്ചു കൊണ്ട് പോയത്. സംഭവം നടക്കുന്നത് കണ്ട സമീപവാസിയായ കാവുംപടിക്കല്‍ ജോജി നിലവിളി കേട്ട് സംഭവ സ്ഥലത്തേക്ക് ഓടിയെത്തി. മോഷ്ടാവ് മാലയ്ക്ക് പിടിച്ചപ്പോള്‍ പൊട്ടാതെ വന്നു. പിടിവലിയുടെ ആഘാതത്തില്‍ ഉഷയും മോഷ്ടാവും റോഡില്‍ വീണു. അവിടെ നിന്നും മോഷ്ടാവ് എഴുന്നേറ്റ് മാല പൊട്ടിച്ച് ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു.

ജോജി വന്ന് കള്ളനെപിടിച്ചു നിര്‍ത്തി. വലിയ ബഹളം ഉണ്ടാക്കിയെങ്കിലും ആരും സഹായത്തിന് എത്തിയതുമില്ല. ഈ സമയം കള്ളന്‍ ജോജിയെ കുത്തുമെന്ന് ഭീഷണി മുഴക്കി. ഭയന്നു പോയ ജോജി കള്ളനെ വിട്ടു. മാലയും കൊണ്ട് കള്ളന്‍ കടന്നു. റെയ്‌സ് ആക്കി നിര്‍ത്തിയിരുന്ന ബൈക്കില്‍ കൂട്ടുകാരന്‍ കള്ളനെയും കൊണ്ട് പാഞ്ഞു. തിരുവാഭരണ പാതയില്‍ താഴേക്ക് പോയിട്ട് മറുവശത്തു കൂടി ജില്ലാ
ആശുപത്രിയുടെ മുന്നില്‍ എത്തി കോഴഞ്ചേരിയിലേക്കാണ് രക്ഷപ്പെട്ടത് എന്ന് സി.സി.ടി.വിയില്‍ നിന്നും വ്യക്തമായിട്ടുണ്ട്. പോലീസ് സമീപത്തെ കടയിലും ലാബിലും നിന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു.

ഇതേ പാതയില്‍ അധികം ദൂരെ അല്ലാതെയാണ് കോഴഞ്ചേരി – മണ്ണാരക്കുളഞ്ഞി റോഡില്‍ കൊല്ലീരേത്ത് ദേവീ ക്ഷേത്രം വക കാണിക്ക വഞ്ചി കഴിഞ്ഞ ദിവസം രാത്രിയില്‍ കുത്തിതുറന്ന് മോഷണത്തിന് ശ്രമിച്ചത്. ക്ഷേത്രം ഭാരവാഹികള്‍ രാവിലെ
അറിയിച്ചതിനെതുടര്‍ന്ന് ആറന്മുളയില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു. കോഴഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമാണെന്നും ജാഗ്രത പാലിക്കണമെന്നുമാണ് പോലീസ് ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *