നടന്റെ പരാതിയിൽ സിനിമാ നിർമ്മാതാവിനെ അറസ്റ്റ് ചെയ്ത് തിരുവല്ല പോലീസ്

Cinema
Print Friendly, PDF & Email

തിരുവല്ല : സിനിമയിൽ പ്രതിനായക വേഷം വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന അധ്യാപകന്റെ പരാതിയിൽ ഒളിവിലായിരുന്ന നിർമ്മാതാവിനെ അറസ്റ്റ് ചെയ്തു. ഏതാനും മാസം മുമ്പ് റിലീസ് ചെയ്ത തിറയാട്ടം എന്ന സിനിമയിലെ പ്രധാന നടനും നിർമ്മാതാവുമായ ആലപ്പുഴ തുറവൂർ വളമംഗലം നോർത്ത് വടിത്തറ വീട്ടിൽ ജിജോ ഗോപിയാണ് അറസ്റ്റിലായത്. അധ്യാപകനും തിരുവല്ലയിൽ താമസക്കാരനുമായ ഉപ്പുതറ സ്വദേശി ടോജോ ഉപ്പുതറയുടെ പരാതിയിലാണ് അറസ്റ്റ്. സജീവ് കിളികുലമാണ് സിനിമ സംവിധാനം ചെയ്തത്.

കണ്ണൂരിലും ചേർത്തലയിലുമായി ഷൂട്ട് ചെയ്ത സിനിമയിൽ ചെറിയ ഒരു വേഷം ചെയ്യുവാൻ വേണ്ടിയാണ് ടോജോ കണ്ണൂർ പിണറായിയിലെ ലൊക്കേഷനിൽ എത്തിയത്. ടോജോയോട് നായക തുല്യമായ പ്രതിനായക വേഷം നൽകാമെന്ന് ജോജോ വാഗ്ദാനം ചെയ്തു. ഇതിൻ പ്രകാരം ഷൂട്ടിംഗ് പുരോഗമിക്കവേ സാമ്പത്തിക ഞെരുക്കത്തിൽ ആണെന്നും സിനിമ റിലീസായ ശേഷം മടക്കി നൽകാമെന്നും വാഗ്ദാനം ചെയ്തു പലപ്പോഴായി 10 ലക്ഷത്തോളം രൂപ ജിജോ ടിജോയിൽ നിന്നും കൈപ്പറ്റി. തുടർന്ന് പ്രതിനായകൻ എന്ന തരത്തിൽ ആക്ഷൻ രംഗം ഉൾപ്പെടെ ഉള്ള ചിത്രീകരണത്തിനായി ഒരു മാസത്തോളം ടോജോ ലൊക്കേഷനിൽ താമസിച്ചു. എന്നാൽ സിനിമ റിലീസ് ആയപ്പോഴാണ് തീരെ ശ്രദ്ധിക്കപ്പെടാത്ത ഏതാനും ഷോട്ടുകളിൽ മാത്രമായി തന്റെ കഥാപാത്രം ചുരുങ്ങിയതായി ടിജോ മനസ്സിലാക്കിയത്.

സംവിധായകനും താനും ഉൾപ്പെടെയുള്ള ടീം അംഗങ്ങൾ പ്രീ റിലീസിംഗ് വേളയിൽ കണ്ട സിനിമയിൽ കഥാപാത്രത്തിന്റെ പൂർണ്ണരൂപം ഉണ്ടായിരുന്നതായും എന്നാൽ ചിത്രം റിലീസ് ആയപ്പോൾ നിർമ്മാതാവ് തന്റെ കഥാപാത്രം അപ്രസക്തമായ സീനുകളിൽ മാത്രം ഒതുക്കിയതായും ടോജോ പറയുന്നു. ഇതേ തുടർന്ന് ജോജോയിൽ നിന്നും സംവിധായകൻ ഉൾപ്പെടെയുള്ള ഇടനിലക്കാർ പണം തിരികെ ആവശ്യപ്പെട്ടുവെങ്കിലും പണം ലഭിച്ചില്ല. ഇതേ തുടർന്ന് ടോജോ തിരുവല്ല പോലീസിൽ പരാതി നൽകി. പരാതിയിൽ കാര്യമായ പുരോഗതി ഉണ്ടാകാതിരുന്നതിനെ തുടർന്ന് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. തുടർന്ന് കോടതി നിർദ്ദേശപ്രകാരം ചേർത്തലയിലെ വാടകവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ജിജോയെ മൊബൈൽ ടവർ ലൊക്കേറ്റ് ചെയ്തു നടത്തിയ അന്വേഷണത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു. സിനിമാ മോഹവുമായി അലയുന്ന യുവതലമുറ അടക്കം ഉള്ളവർക്ക് തനിക്ക് ഉണ്ടായ ദുരനുഭവം ഉണ്ടാവരുത് എന്നതിന്റെ പേരിലാണ് നിയമ നടപടികളുമായി മുന്നോട്ടു പോയതെന്നും കോടതി മുഖേന പണം തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ടോജോ ഉപ്പുതറ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *