ന്യൂഡൽഹി – വംശീയകലാപമുണ്ടായ മണിപ്പുരിൽ ഒരു വർഷത്തിനുശേഷവും സമാധാനം പുനഃസ്ഥാപിക്കാനാവാത്തതിൽ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംഘർഷഭരിതമായ സംസ്ഥാനത്തെ സ്ഥിതിഗതികൾ മുൻഗണനയോടെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെ കർശന നടപടിക്ക് കേന്ദ്രം ഒരുങ്ങുന്നതായി സൂചന.
ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിനു ശേഷം മണിപ്പുരിലെ വംശീയ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ കുക്കി – മെയ്ത്തി വിഭാഗക്കാരുമായി ചർച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. ഇതുസംബന്ധിച്ച് തീരുമാനമായത്. മണിപ്പുർ മുഖ്യമന്ത്രി എൻ. ബീരേൻ സിങ് പങ്കെടുക്കാത്ത യോഗത്തിൽ, മണിപ്പുരിലെ സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നിതിനായ കേന്ദ്രം സംസ്ഥാന സർക്കാരിന് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് ഷാ പറഞ്ഞു. ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സുരക്ഷാസേനയെ കൂടുതൽ കാര്യക്ഷമതയോടെയും തന്ത്രപരമായും വിന്യസിക്കണമെന്നും അമിത്ഷാ അഭിപ്രായപ്പെട്ടു.
അക്രമികൾക്കെതിരെ കർശന നടപടിയുണ്ടാകും. മണിപ്പുരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. കലാപത്തിനുശേഷം കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള നടപടി ഉണ്ടാകണമെന്നും ഷാ വ്യക്തമാക്കി. കാലങ്ങളായി ഇടയ്ക്കിടെ ഉണ്ടാകാറുണ്ടായിരുന്ന വംശീയ കലാപം ഇക്കഴിഞ്ഞ 2023 മേയ് മാസം മൂന്നിനാണ് കുക്കി – മെയ്ത്തി വിഭാഗങ്ങൾ ചേരിതിരിഞ്ഞ് ആക്രമണം ആരംഭിച്ചതും അതിഭീകരമായ വംശീയകലാപത്തിലേക്ക് വഴിമാറിയതും. മെയ്ത്തി വിഭാഗത്തിലുള്ളവരെ പട്ടികവർഗത്തിൽപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ച മണിപ്പുർ ഹൈക്കോടതി ഉത്തരവിനെത്തുടർന്നുള്ള പ്രക്ഷോഭമാണ് സംസ്ഥാനത്തെ വംശീയ കലാപത്തിലേക്ക് നയിച്ചത്. സംഘർഷത്തിൽ ഇതുവരെ 200-ലധികം പേർക്ക് ജീവൻ നഷ്ടമായി. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റു. പതിനായിരങ്ങളാണ് ഭവനരഹിതരായത്.


