കൊല്ലം: സ്വന്തം മൂന്ന് മക്കള്‍ ഉണ്ടായിട്ടും തെരുവില്‍ അലയുകയും പള്ളിപ്പറമ്പില്‍ അന്തിയുറങ്ങുകയും ചെയ്തിരുന്ന കൃഷ്ണമ്മയെ ഏറ്റെടുത്ത് മാതൃജ്യോതി അഭയകേന്ദ്രം. കൊല്ലം മങ്ങാട് സ്വദേശിനിയായ കൃഷ്ണമ്മക്ക് മൂന്ന് ആണ്‍മക്കളാണ്. അവര്‍ വിവാഹം കഴിഞ്ഞ് മൂന്നിടത്ത് താമസം തുടങ്ങി. എന്നാല്‍ മൂന്നു മക്കള്‍ക്കും ഇപ്പോള്‍ അമ്മയെ വേണ്ട.
അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കിയിട്ട് നാളുകളാകുന്നു. പള്ളിപ്പറമ്പും ബസ് സ്‌റ്റോപ്പുമൊക്കെയാണ് കൃഷ്ണമ്മയ്ക്ക് ആശ്രയമായത്. സര്‍ക്കാര്‍ നല്‍കിയ നാല് സെന്റ് പുരയിടം ഉണ്ട് കിടക്കാന്‍ ഒരു വീടില്ല. അസുഖം വന്നപ്പോള്‍ ആശുപത്രിയില്‍ കൂടെ നില്‍ക്കാന്‍ പോലും ആരും ഇല്ലാതായി. മക്കളെ മാറി മാറി വിളിച്ചിട്ടും ആരും തന്നെ വീട്ടിലേക്ക് കൊണ്ടുപോയില്ല എന്ന് നിറകണ്ണുകളോടെ പറയുന്നു. ഒടുവില്‍ വാര്‍ഡ് കൗണ്‍സിലര്‍ അജീന പ്രശാന്തിന്റെ അടുത്തെത്തി. പൊതുപ്രവര്‍ത്തകന്‍ സാബുവും റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ ശ്യാമളനും ചേര്‍ന്ന് കിളില്ലൂര്‍ പോലീസ് സ്റ്റേഷനില്‍ കൃഷ്ണമ്മയെ എത്തിച്ചു പരാതി നല്‍കി . പോലീസ് പലതവണ മക്കളെ ബന്ധപ്പെട്ടിട്ടും വരുവാനോ അമ്മയെ ഏറ്റെടുക്കുവാ ഒന്നും തന്നെ മക്കള്‍ കൂട്ടാക്കിയില്ല.
ഒടുവില്‍ പോലീസ് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ശക്തികുളങ്ങര ഗണേശന്റെ സഹായം അഭ്യര്‍ത്ഥിച്ചു . ഗണേശനും സുഹൃത്ത് ശ്യാം ഷാജിയും പോലീസ് സ്റ്റേഷനില്‍ എത്തി . അമ്മയോട് സംസാരിച്ചു. ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി വിശന്നു വയറു കരയുന്നു എന്നായിരുന്നു ആദ്യം പറഞ്ഞത് . ഉടന്‍ തന്നെ ഭക്ഷണം വാങ്ങി നല്‍കി കൃഷ്ണമ്മയെ കായംകുളത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന മാതൃജോതി എന്ന. അഭയം മന്ദിരത്തില്‍ എത്തിച്ചു . ആദ്യം കൃഷ്ണമ്മ എന്ന അമ്മയെ സുരക്ഷിതയാക്കിയ ശേഷം മക്കള്‍ക്കെതിരെ നടപടി എടുക്കാമെന്ന് കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.


