കേര പദ്ധതി: കർഷക കൂട്ടായ്മ രാജ്യാന്തര വിപണിയിലേക്ക്

Pathanamthitta

പത്തനംതിട്ട – ചെറുകിട കർഷകരെയും കൂട്ടായ്മകളെയും ശക്തിപ്പെടുത്തി കാർഷിക ഉൽപന്നങ്ങളെ ദേശീയ – അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തി സുസ്ഥിര വിലയും വിപണിയും ഉറപ്പുവരുത്തുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കം. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിയിലെ പ്രൊഡക്ടിവ് അലയൻസ് സ്‌കീമിലുൾപ്പെടുത്തിയാണ് പദ്ധതി. മാനദണ്ഡങ്ങൾക്കനുസൃതമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കർഷക കമ്പനികൾ അവരുടെ ഉൽപന്നങ്ങൾ വാങ്ങാൻ പ്രാപ്തിയുള്ള അഗ്രി ബിസിനസ്സ് കമ്പനികളുമായി നേരിട്ട് കരാറുണ്ടാക്കി പ്രൊഡക്ടിവ് അലയൻസിന്റെ ഭാഗമാകും. പരമാവധി രണ്ടു കോടി രൂപ വരെ ഗ്രാന്റായി ഓരോ അലയൻസിനും അനുവദിക്കും.

ജില്ലയിലെ കർഷ കൂട്ടായ്മകൾക്കുള്ള ബോധവൽക്കരണ പരിപാടി പന്തളം ഷൈൻ ടൂറിസ്റ്റ് ഹോട്ടലിൽ കേര കോട്ടയം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സിന്ധു കെ. മാത്യുവിന്റെ അധ്യക്ഷതയിൽ പത്തനംതിട്ട ആത്മ പ്രോജക്ട് ഡയറക്ടർ എസ് ഗിരിജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ-ചാർജ് സി. പുഷ്പ മുഖ്യപ്രഭാഷണം നടത്തി. പ്രൊജക്ട് മാനേജർ ഡോ.എം.നിതീഷ് ബാബു പദ്ധതി വിശദീകരിച്ചു. വിവിധ കർഷക കമ്പനികളെ പ്രതിനിധീകരിച്ച് സുകുമാരൻ ആചാരി (കേരള കൺസോർഷ്യം എഫ്.പി.സി.), മനോജ് എസ് (പമ്പാവാലി എഫ്.പി.സി.) എന്നിവർ പങ്കെടുത്തു. കേര പ്രോജക്ട് കൺസൾട്ടന്റ് ജിഷ്ണു സുരേഷ് പോർട്ടൽ പരിചയപ്പെടുത്തി. പ്രോജക്ട് കൺസൾട്ടന്റ് ബയാനുസ്സമാൻ നന്ദി അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *