എംസി റോഡിലെ കുറ്റൂർ സ്ഥിരം അപകട മേഖല ; നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് കടയിലേക്ക് പാഞ്ഞു കയറി:

Pathanamthitta
Print Friendly, PDF & Email

തിരുവല്ല: എം.സി. റോഡിൽ കുറ്റൂർ മേഖലയിൽ വാഹനാപകടങ്ങൾ പതിവാകുന്നു. ഇന്നലെ കുറ്റൂർ പഞ്ചായത്ത് കവലയിൽ നിയന്ത്രണം വിട്ടു റോഡിൽ നിന്ന് തെറ്റിയ ലോറി ഒരു കാറിലിടിച്ചശേഷം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് പാഞ്ഞുകയറി. തിരുവനന്തപുരം സ്വദേശികളായ ലോറി ഡ്രൈവർ രാജു സാഗർ (35), സഹായി രാജേഷ് (37) എന്നിവർക്ക് പരുക്കേറ്റു. ഇരുവർക്കും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ലോറിയുടെ അടിയിൽപ്പെടാതെ ഒരു കാൽനടയാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ ആറേ മുക്കാലിനായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പി.വി.സി. ഉപകരണങ്ങൾ കയറ്റിപ്പോയതാണ് ലോറി. പഞ്ചായത്ത് കവലയിൽ വെച്ച് മനയ്ക്കച്ചിറ റോഡിലേക്ക് തിരിഞ്ഞ കാറിന്റെ മുൻഭാഗത്താണ് ലോറി ആദ്യം ഇടിച്ചത്. എതിരെവന്ന സ്‌കൂൾ ബസ്സിൽ ഉരസി ഇടതുവശത്തേക്ക് ലോറി നീങ്ങി. റോഡരികിൽ നിന്നും 60 മീറ്ററോളം മാറിയുളള വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയാണ് ലോറി നിന്നത്. കെട്ടിടത്തിന്റെ ചുമരുകൾക്ക് കേടുപാടുകൾ പറ്റി. ഞായറാഴ്ച പുലർച്ചെ വാഴക്കുല കയറ്റിയ പിക്ക്അപ് വാനും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ച അപകടം നടന്നതിന്റെ അടുത്ത കവലയിലാണ് തിങ്കളാഴ്ച രാവിലെ അപകടം ഉണ്ടായത്. ഇവിടെ നിന്നും രണ്ട് കിലോമീറ്റർ മാറിയുളള ചീക്കുളത്തിപ്പടിയിൽ കഴിഞ്ഞ ദിവസം തമിഴ്നാട് തീർഥാടക സംഘത്തിന്റെ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് ഏഴുപേർക്ക് പരുക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *