വർക്കല – സിപിഎം വർക്കല ബ്ലോക്ക് മെമ്പർ അഡ്വ.സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. വർക്കലയിലെ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കും. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സമിതയ്ക്ക് ബിജെപി അംഗത്വം നൽകി സ്വീകരിച്ചു. സിപിഎം എന്ന പാർട്ടി നേരിടുന്ന മൂല്യച്യുതി ആണ് ബിജെപിയിലേക്ക് വരാൻ കാരണമെന്ന് സ്മിത സുന്ദരേശൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായെന്നും സിപിഎമ്മിന്റേത് കമ്മ്യൂണിസ്റ്റ് ആശയങ്ങളെ കാറ്റിൽ പറത്തുന്ന സമീപനമാണെന്നും സ്മിത കൂട്ടിച്ചേർത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന പദവി രാജിവെച്ച ശേഷമാണ് ബിജെപിയിൽ ചേർന്നത്. മുൻ സിപിഎം നേതാവ് സുന്ദരശേൻ്റെ മകളാണ് സ്മിത. ബിഡിജെഎഎസ് സ്ഥാനാർത്ഥിയായ ശ്രീനിവാസൻ വേണുഗോപാലിനെ ആയിരുന്നു വർക്കലയിൽ എൻഡിഎ നിശ്ചയിച്ചിരുന്നത്. എന്നാൽ അദ്ദേഹം പിൻമാറിയതോടെ വർക്കല സീറ്റ് ബിജെപി ഏറ്റെടുക്കുകയായിരുന്നു. സീറ്റ് ബിഡിജെഎസിന് വിട്ടുകൊടുത്തതിനെതിരെ പാർട്ടിയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.


