പത്തനംതിട്ട – കേരളത്തിന് ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ ഞായറാഴ്ച മുതൽ സർവ്വീസ് ആരംഭിക്കും.രാവിലെ ഏഴുമണിക്ക് കാസര്‍കോടുനിന്ന് യാത്രയാരംഭിക്കുന്ന ട്രെയിന്‍ വൈകീട്ട് 3.05ന് തിരുവനന്തപുരത്തെത്തും. വൈകീട്ട് 4.05ന് ആരംഭിക്കുന്ന മടക്കയാത്ര രാത്രി 11.55ന് കാസര്‍കോട് അവസാനിക്കും. ഔദ്യോഗിക സമയപ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് കരുതുന്നു. ഓറഞ്ച് നിറത്തിലുള്ള പുതിയ ട്രെയിനാവും എത്തുക. ആകെ ഒമ്പത് വന്ദേഭാരത് ട്രെയിനുകള്‍ ഒരുമിച്ച് ഉദ്ഘാടനം ചെയ്യുന്നതാണ് റെയിൽവേയുടെ ഇപ്പോഴത്തെ പരിഗണനയിലുള്ളത്. ഒരു ട്രെയിന് തിരുവല്ലയോ, ചെങ്ങന്നൂരോ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് പത്തനംതിട്ടക്കാരുടെ പക്ഷം. പത്തനംതിട്ട ജില്ലയിലുള്ളവർക്കോ, ശബരിമല തീർത്ഥാടകർക്കോ ഈ ട്രെയിൻ കൊണ്ട് ഒരു പ്രയോജനവും ഇപ്പോൾ ഇല്ല. ശബരിമല തീർത്ഥാടനത്തിനും അത് പ്രയോജനപ്പെടുമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പ്രദീപ് അയിരൂർ പറഞ്ഞു.
നേരത്തെ കേരളത്തിനായി അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയം വഴിയാണ് സർവ്വീസ് നടത്തുന്നതെങ്കിൽ രണ്ടാമത്തെ ട്രെയിന്‍ ആലപ്പുഴ വഴിയാണ് ഓടുക. ആഴ്ചയില്‍ ആറുദിവസമായിരിക്കും സർവ്വീസ്. ചൊവ്വാഴ്ചകളിലൊഴികെയുള്ള ദിവസങ്ങളിൽ കാസർകോട് - തിരുവനന്തപുരം സർവ്വീസുണ്ടാകും. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. തിരുവല്ലയിലോ ചെങ്ങന്നൂരോ സ്റ്റോപ്പ് അനുവദിക്കാൻ ബിജെപി സംസ്ഥാന ജില്ലാ നേതൃത്വത്തോടൊപ്പം പ്രധാനമന്ത്രിയെയും റയിൽവേ മന്ത്രിയെയും നേരിട്ടിട്ടു കണ്ടു അഭ്യർത്ഥിക്കുമെന്നു വിക്ടർ ടി തോമസ് പറഞ്ഞു .


