ന്യൂഡൽഹി – സംസ്ഥാനത്തിൻറെ പേര് ഔദ്യോഗികമായി ‘കേരള’ എന്നതിൽ നിന്നും ‘കേരളം’എന്നാക്കി മാറ്റിയ കേന്ദ്ര സർക്കാർ തീരുമാനത്തിന് നന്ദി അറിയിക്കാൻ കേരളത്തിലെ പ്രമുഖ സാംസ്കാരിക നായകർ ഡൽഹിയിലെത്തി അദ്ദേഹത്തെ കണ്ടു. മലയാളത്തിൻറെ പ്രിയ കവി വി. മധുസൂദനൻ നായർ, ശ്രീകുമാരൻ തമ്പി, ജോർജ് ഓണക്കൂർ എന്നിവരാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിദ്ധ്യത്തിൽ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് നന്ദി അറിയിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. സംസ്ഥാനത്തിൻറെ പേര് മലയാള തനിമയോടെ ‘കേരളം’ എന്ന് പുനർ നാമകരണം ചെയ്തതിൽ പ്രധാനമന്ത്രിയോട് കേരളത്തിൻറെ നന്ദി അറിയിച്ചു. സംസ്ഥാനത്തിൻറെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നേരത്തെ നിയമസഭയിൽ ഐകകണ്ഠേന പ്രമേയം പാസാക്കി കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. ഈ പ്രമേയത്തിന് പിന്തുണയുമായി ബിജെപി നേതാക്കളും രംഗത്തെത്തി. തുടർന്നാണ് കേന്ദ്ര മന്ത്രിസഭ ഇതിന് ഔദ്യോഗിക അംഗീകാരം നൽകിയത്. ‘മലയാള ഭാഷയ്ക്കും സംസ്കാരത്തിനും അർഹമായ പരിഗണന നൽകിക്കൊണ്ട് ‘കേരളം’ എന്ന പേര് ഔദ്യോഗികമാക്കിയത് ചരിത്രപരമായ തീരുമാനമായാണ് സാംസ്കാരിക കേരളം വിലയിരുത്തിയത്.



