മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം ; പൊതുറോഡുകളിൽ ചിഹ്‌നങ്ങൾ, അടയാളങ്ങൾ, എഴുത്തുകൾ, പോസ്റ്ററുകൾ പാടില്ല

Kerala Politics Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുറോഡുകളിൽ ചിഹ്നങ്ങൾ, അടയാളങ്ങൾ, എഴുത്തുകൾ, വസ്തുക്കൾ തറയ്ക്കൽ, പോസ്റ്ററുകൾ പതിപ്പിക്കൽ തുടങ്ങി എല്ലാത്തരം പ്രവൃത്തികളിൽ നിന്നും രാഷ്ട്രീയ പാർട്ടികളും വ്യക്തികളും വിട്ടുനിൽക്കണമെന്നും അത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപെടുന്ന പക്ഷം വരണാധികാരിയോ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറോ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചു. മാതൃകാ പെരുമാറ്റച്ചട്ട പ്രകാരമുള്ള മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിർദേശം.

തിരഞ്ഞെടുപ്പ് സമയത്ത് റോഡുകളിൽ ചിഹ്‌നങ്ങൾ വരച്ച് വൃത്തികേടാക്കുന്നത് പതിവായി കാണാറുള്ളതാണെന്നും റോഡ് ഗതാഗതത്തിനും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഇക്കാര്യത്തിൽ നിരുത്തരവാദിത്തപരമായ സമീപനമാണ് പലപ്പോഴും ഉണ്ടാകുന്നതെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സർക്കുലറിൽ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് മാതൃകാപരമായി നടത്തുന്നതിന് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെയും സംവിധാനങ്ങളുടെയും പ്രവർത്തനങ്ങൾക്ക് പുറമെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പൊതുജനങ്ങളുടെയും സഹകരണവും അത്യാവശ്യമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ചൂണ്ടിക്കാട്ടി.

*മാതൃകാ പെരുമാറ്റച്ചട്ടത്തിൽ പറയുന്നത്..

മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം സർക്കാർ കെട്ടിടങ്ങൾ അല്ലെങ്കിൽ അവയുടെ പരിസരങ്ങളിൽ (സിവിൽ നിർമ്മിതികൾ ഉൾപ്പെടെ) ചുവരെഴുതുന്നത്, പോസ്റ്ററുകളോ പേപ്പറുകളോ പതിക്കുന്നത്, മറ്റേതെങ്കിലും തരത്തിൽ വികൃതമാക്കുന്നത്, കട്ടൗട്ടുകൾ, ഹോർഡിങ്ങുകൾ, ബാനറുകൾ, കൊടികൾ എന്നിവ സ്ഥാപിക്കുന്നത്, പ്രദർശിപ്പിക്കുന്നത് എന്നിവ അനുവദനീയമല്ല.

റെയിൽവേ സ്റ്റേഷനുകൾ, സർക്കാർ ഡിസ്പെൻസറികൾ/ആശുപത്രികൾ, പോസ്റ്റ് ഓഫീസ്, ബസ് സ്റ്റാൻഡ്, വിമാനത്താവളം, പാലങ്ങൾ, റെയിൽവേ മേൽപ്പാലങ്ങൾ, റോഡുകൾ സർക്കാർ ബസുകൾ, സർക്കാർ/പൊതുകെട്ടിടങ്ങളുടെ പരിസരം, സിവിൽ നിർമ്മിതികൾ, ഇലക്ട്രിക്ക്/ ടെലിഫോൺ പോസ്റ്റുകൾ മുൻസിപ്പൽ/ തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളോ പൊതു സ്വത്തുക്കളോ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ തിരഞ്ഞെടുപ്പ് കാലവളവിൽ പ്രചാരണത്തിന്റെ ഭാഗമായി ചുവരെഴുത്ത് നടത്തുന്നതോ പോസ്റ്ററുകളോ പേപ്പറുകളോ പതിപ്പിക്കുന്നതോ മറ്റേതെങ്കിലും തരത്തിൽ വികൃതമാക്കുന്നതോ അല്ലെങ്കിൽ കട്ടൗട്ടുകൾ, ഹോർഡിംഗുകൾ, ബാനറുകൾ, കൊടികൾ തുടങ്ങിയവ സ്ഥാപിക്കുന്നതോ പ്രദർശിപ്പിക്കുന്നതോ അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ അസോസിയേഷനോ സ്ഥാനാർഥിയോ വ്യക്തിയോ നിലവിലുള്ള പ്രാദേശിക നിയമങ്ങൾ അല്ലെങ്കിൽ മേൽപറഞ്ഞ നിർദേശങ്ങൾ ലംഘിച്ചുകൊണ്ട് ഏതെങ്കിലും വസ്തുവകകൾ വികൃതമാക്കുകയാണെങ്കിൽ അവ ഉടൻ തന്നെ നീക്കം ചെയ്യുന്നതിനായി വരണാധികാരിയോ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറോ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകേണ്ടതാണ്.

ഇതിനോട് ഉടനടി പ്രതികരിക്കാത്ത പക്ഷം ജില്ലാ ഭരണകൂടത്തിന് ഇവ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാം. ഇതിനായി വരുന്ന ചെലവുകൾ ഉത്തരവാദിയായ രാഷ്ട്രീയ പാർട്ടിയോ അസോസിയേഷനോ സ്ഥാനാർത്ഥിയോ വ്യക്തിയോ നൽകേണ്ടതാണ്. കൂടാതെ ചെലവായ തുക ബന്ധപ്പെട്ട സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും. നിലവിലുള്ള നിയമങ്ങൾ പ്രകാരം കുറ്റക്കാർക്കെതിരെ നിയമ നടപടികൾ ആരംഭിക്കുകയും വേണമെന്നും മാതൃകാ പെരുമാറ്റച്ചട്ടം നിർദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *