Newdelhi – ഇന്ത്യൻ വ്യോമസേനയിൽ അഗ്‌നിപഥ് പദ്ധതിയിൽ അഗ്‌നിവീർവായുവിലേക്ക് അവിവാഹിതരായ പുരുഷ – സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ശമ്പളം: 30,000 രൂപ മുതൽ. 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനും (രണ്ട് തീയതികളും ഉൾപ്പടെ) ഇടയിൽ ജനിച്ച ഇന്ത്യക്കാരായ പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
സയൻസ് വിഷയങ്ങൾ പഠിച്ച ഉദ്യോഗാർഥികൾ ഗണിതം, ഭൗതികശാസ്ത്രം, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ ഇന്റർമീഡിയറ്റ്/10 +2/തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കോടെ പാസായിരിക്കണം. ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും ഉണ്ടാകണം. എൻജിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്‌സോ രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്‌സോ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. സയൻസ് ഒഴികെയുള്ള വിഷയങ്ങൾ പഠിച്ച ഉദ്യോഗാർഥികൾ ഏതെങ്കിലും അംഗീകൃത വിഷയങ്ങളിൽ ഇന്റർമീഡിയറ്റ്/10+2/തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കോടെ പാസായിരിക്കണം. ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും ഉണ്ടാകണം.
റിക്രൂട്ട്‌മെന്റ് റാലികളും സെലക്ഷൻ ടെസ്റ്റുകളും മാനദണ്ഡമാക്കിയാണ് തെരഞ്ഞെടുപ്പ് പ്രകിയ. രണ്ടു ഘട്ടമായി നടക്കുന്ന എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾ ഉയരം, ഭാരം, നെഞ്ചളവ്, കാഴ്ച, കേൾവി, ദന്താരോഗ്യം എന്നിവ ഉൾപ്പെടെയുള്ള നിർബന്ധിത മെഡിക്കൽ മാനദണ്ഡങ്ങൾ പാലിക്കണം. പുരുഷന്മാർക്ക് 152.5 സെന്റിമീറ്ററും സ്ത്രീകൾക്ക് 152 സെന്റിമീറ്ററും ഉയരം ആവശ്യമാണ്. ശരീരത്തിൽ ടാറ്റൂകൾ അനുവദനീയമല്ല.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ നാല് വർഷം കരാർ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. ഈ കാലയളവിൽ വിവാഹിതരാവാൻ പാടുള്ളതല്ല. സേവനകാലയളവിനു ശേഷം 10 ലക്ഷം രൂപ സേവാനിധി പാക്കേജായി ലഭിക്കും. താത്പര്യമുള്ളവർ ഫെബ്രുവരി ആറിന് രാത്രി 11 നു മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും https://agnipathvayu.cdac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ : 02025503105, 25503106. ഇ-മെയിൽ : casbiaf@cdac.in
What do you feel about this post?
Like
Love
Happy
Haha
Sad

