മാരാമൺ – ദൈവത്തിലേക്കും സഹോദരനിലേക്കും പ്രകൃതിയിലേക്കുമുള്ള തിരിച്ചുവരവുകൾ ഉണ്ടാകുമ്പോഴെ ദൈവവചനം കാലിക പ്രസക്തമാക്കുകയുള്ളുവെന്ന് മാർത്തോമ്മാ സഭ കുന്നംകുളം – മലബാർ ഭദ്രാസന അദ്ധ്യക്ഷൻ ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പാ. പുതിയ നിയമത്തിലെ ധൂർത്തപുത്രന്റെ കഥ ഓർമ്മിപ്പിക്കുന്നത് ഇതാണ്. അപരനിൽ ദൈവമുഖം തിരിച്ചറിയുമ്പോൾ മാത്രമേ നമുക്ക് ദൈവസന്നിധിയിലേക്ക് തിരികെ വരുവാൻ സാധിക്കുകയുള്ളൂ. മദ്യാസക്തി അനേകം മനുഷ്യരെ കാർന്ന് തിന്നുന്നു. ആസക്തിയുടെ കരിനിഴലിൽ കഴിയുന്നവർ, സംരക്ഷകർ ആകേണ്ടവർ ആകാതെ തന്നെ സംഹാരകരായി തീരുന്ന കാലം.
ആർജ്ജവ സംസ്‌കാരത്തിന്റെ മദ്ധ്യേയാണ് നാം ജീവിക്കുന്നത്. എല്ലാം ആർജ്ജിക്കുവാൻ, നേടിയെടുക്കുവാൻ ന വെമ്പൽ കൊള്ളുമ്പോൾ, തിരികെ നടക്കുവാൻ നമുക്ക് കഴിയുന്നുണ്ടോയെന്ന ചോദ്യം പ്രസക്തമാണ്. ഈ സംസ്‌കാരത്തിന് നടുവിൽ നമുക്ക് എന്ത് സമൂഹത്തിന് തിരികെ നൽകുവാൻ കഴിയുമെന്ന ചോദ്യവും നമ്മുടെ മുമ്പിൽ അലയടിക്കുന്നു. ആർജ്ജവ സംസ്‌കാരത്തിന്റെ മദ്ധ്യേയും നവമാധ്യമങ്ങളൂടെ അതിപ്രസരം വ്യക്തിബന്ധങ്ങളെ ശിഥിലമാക്കുന്നു. ഒരേ ഭവനത്തിൽ പോലും വിദൂരതയിൽ കഴിയുന്ന അനേകം ജീവിതങ്ങൾ ഇന്ന് പെരുകിവരുന്നു. നാം ക്രിസ്തുവിനെ നൽകുന്നതല്ല മറിച്ച് ക്രിസ്തു നമ്മെ മറ്റുള്ളവർക്കായി നൽകുന്നതാണ് ക്രൈസ്തവദൗത്യം. നമ്മുടെ ഇഷ്ടമല്ല, നാം ദൈവയിഷ്ടത്തോട് തന്നെ ചേരണം. അവിടെയാണ് സുവിശേഷം ജനിക്കുന്നത്. ഒന്നിനെ നഷ്ടപ്പെടുമ്പോൾ 99 നെ വിട്ട് ഒന്നിനെ തേടിപ്പോകുന്ന സ്‌നേഹമാണ് സുവിശേഷം. നഷ്ടത്തിന്റെ ആത്മീയത പ്രത്യാശയുടെ ജാലകങ്ങൾ തുറന്നിടുന്നുണ്ട് എന്ന് മറക്കരുത്. ജീവിതത്തിലെ ഇരുട്ടിനെ ദൈവവചനത്തോട് മറികടക്കുവാൻ നമുക്ക് കഴിയേണം
1. ദൈവവിഷയമായി സമ്പന്നരാകുക
ദൈവവിഷയമായി സമ്പന്നരാകുക എന്നത് ആണ് ദൈവവചനം നമ്മെ ഓർമ്മിപ്പിക്കുന്നത്. എന്നാൽ ദൈവവിഷയത്തിനപ്പുറമായി ഈ ലോകത്തിന്റെ സമ്പന്നതായിൽ നാം അഭിരമിക്കുവാൻ ആഗ്രഹിക്കുമ്പോൾ നാം ദൈവവിഷയത്തിൽ ദരിദ്രനായി തീരുകയാണ്. ഇന്ന് തിന്നുക, കുടിക്കുക, ആനന്ദിക്കുക എന്ന ചിന്താഗതിക്ക് പിന്നാലെ മനുഷ്യൻ ഓടുകയാണ്. അതിനാൽ ദൈവം നമ്മോട് പറയുന്നു. മൂഢാ നീ ദൈവവിഷയത്തിൽ സമ്പന്നരായി തീരുക. ഇന്ന് നാം നമ്മുടെ സമ്പത്ത് ദൈവത്തിനും അപരനും നൽകാതെ കൂട്ടിവെക്കുകയാണ്. എന്നാൽ അത് ചിലപ്പോൾ കളപ്പുരകളെ നിറക്കുമായിരിക്കും എന്നാൽ നമ്മുടെ ആത്മീയതയിൽ നാം ഒന്നുമില്ലാതെ ഇരിക്കേണ്ടിവരുന്നു. ഇതാണ് മനുഷ്യജീവിതത്തിൽ നിസഹായത. ഈ കൂട്ടിവെപ്പിൽ പ്രകൃതിയെപ്പോലും നശിപ്പിപ്പാൻ മനുഷ്യന് മടിയില്ലാതെ ആയിരിക്കുന്നു. അത് തന്നെയാണല്ലോ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സംഘർഷങ്ങളും സൂചിപ്പിക്കുന്നത്. പ്രിയമുള്ളവരേ, ഈ ലോകത്തോടൊപ്പം എത്തുവാനല്ല മറിച്ച് ദൈവീക നന്മയോളം എത്തുവാനുള്ള ജീവിതവെമ്പൽ നാം ആഗ്രഹിക്കണം. അകറ്റി നിർത്തുവാൻ ആയിരം കാരണങ്ങൾ കണ്ടെത്തുമ്പോൾ ചേർത്തുനിർത്താൻ ഒരു കാരണം കണ്ടെത്തുന്നവരിൽ സുവിശേഷം മണക്കുന്നു. ഈ സുവിശേഷത്തിന്റെ ഗന്ധം നമ്മുടെ ജീവിതയിടങ്ങളിൽ നാം അനുഭവിക്കുകയും പരത്തുകയും ചെയ്യേണം.
2. പ്രത്യാശയിലേക്ക് ജാലകങ്ങൾ തുറന്നിടുന്നവരാകുക.
തോട് വറ്റി, ജനം വലയുന്നു, ഏലിയാവും അപ്രകാരം കടന്നുപോകുന്നു എന്നാൽ സരോഥാത്തിലെ വിധവയ്ക്കായി ഏലിയാവിനെ ദൈവം കരുതുകയാണ്. രാജകല്പനയിൽ ഏലിയാവ് ഭയന്ന് ഓടുമ്പോഴും തിരിച്ചുവരവിനുള്ള ഏടുകൾ ദൈവം ഒരുക്കുന്നു. എന്നാൽ ഇന്നത്തെ തലമുറ ഭയപ്പാടിൽ തിരിച്ച് വരവിന് നിൽക്കാതെ ആത്മഹത്യക്ക് പിന്നാലെ പായുകയാണ്. ഏലിയാവ് ഇപ്പോൾ യഹോവയെ എന്റെ ജീവൻ എടുക്കേണമേയെന്ന് പറയുമ്പോൾ, അതിജീവനത്തിനുള്ള ദൈവീക കൃപ ദൈവം അവന് നൽകുകയാണ്. പ്രതീക്ഷകൾ അസ്തമിച്ച് ഭയപ്പാടിൽ ഓടുമ്പോഴും പ്രത്യാശയുടെ ജാളികൾ തുറന്നിടുന്ന ദൈവസ്‌നേഹം നമ്മോടൊപ്പം ഇന്ന് സഞ്ചരിക്കുന്നു. അത് ഒരു തലത്തിൽ നിന്നും മറ്റൊരു തലത്തിലേക്കല്ല, മറിച്ച് ജീവനത്തിൽ നിന്നും അതിജീവനത്തിലേക്കാണ്.
3. കരുതുന്നവനായ ദൈവത്തിലുള്ള ആശ്രയം
ദൂരയാത്ര ചെയ്യുവാനുള്ള നിയോഗമാണ് ദൈവവചനം നമുക്ക് നൽകുന്നത്. അതുകൊണ്ട് ഈ ദൂരയാത്രക്കുള്ള ആശ്രയം ദൈവം തന്നെയാണ്. ഏറെദൂരം യാത്ര ചെയ്യുവാനുള്ള ബലവും അവൻ തന്നെയാണ് നൽകുന്നതും. അതുകൊണ്ട് ക്രൈസ്തവ ജീവിതത്തിൽ വിശുദ്ധ കുർബ്ബാനയോളം നമ്മെ ബലപ്പെടുത്തുന്ന മറ്റൊന്നില്ല. ഇതൊരു കൃതജ്ഞത ബലിയാണ്. നമ്മെ വഴിനടത്തുന്ന സത്യ ഏക ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ് നമ്മെ എക്കാലവും വഴിനടത്തുന്നത്.
4. നീതികരണം ക്രിസ്തുവിൽ സാദ്ധ്യമാക്കി സമാധാനം ക്രിസ്തുവിൽ വസിക്കുന്ന അനുഭവം
അനേകം അക്രമണങ്ങൾ നിറഞ്ഞ ലോകത്തിൽ നാം ആയിരിക്കുന്നു. ഈ ആക്രമണങ്ങളിലും പ്രശ്‌നങ്ങളിലും ക്രിസ്തുവിലുള്ള വിശ്വാസം നാം മുറുകെപിടിക്കണം. ദൈവത്തിന്റെ വിശ്വസ്തതയിലുള്ള ഉറപ്പും അവന്റെ കരുണയിലുള്ള നിശ്ചയവും നമുക്ക് ഉണ്ടാകണം. അതാണ് വിശ്വാസം. നമ്മുടെ ബന്ധങ്ങൾ രൂപപ്പെടേണ്ടത് എന്ത് കിട്ടും എന്നതിൽ ആകരുത്, എന്ത് വിട്ടുകൊടുക്കുവാൻ കഴിയും എന്നതിലാകണം. അതാണ് യേശുവിന്റെ ഉയർപ്പും, സമാധാനവും നൽകുന്ന പ്രത്യാശ. അതുകൊണ്ട് നമുക്ക് ക്രൂശിനേക്കാൾ വലുതായി ഒന്നും പ്രതീക്ഷിക്കുവാനില്ല. ജനത്തോട് ഏലിയാവിന്റെ മടങ്ങിവരുവാനുള്ള ആഹ്വാനം ഇത് പ്രതിനിധീകരിക്കുന്നു. അതുകൊണ്ട് നമ്മുടെ ഭവനങ്ങൾ മടങ്ങിവരവിന്റെ ഇടങ്ങൾ ആകണം. ഭവനത്തിൽ നിന്നും ഇടവകയിലേക്ക് ഇടവകയിൽ നിന്നും സഭയിലേക്ക് സഭയിൽ നിന്നും സമൂഹത്തിലേക്ക് അനർഹം ഒഴുകുന്ന നദിപോലെ ആയിത്തീരേണം.
പ്രിയമുള്ളവരേ, ദൈവം നമ്മിൽ നിന്നും ഒരു മടങ്ങിവരവ് ആഗ്രഹിക്കുന്നു. ഭൗതികമായ ധനാർജ്ജനമല്ല, ദൈവവിഷയത്തിൽ സമ്പന്നരാകുക, വിശ്വാസത്തിൽ ഉറച്ച് പ്രത്യാശയിലേക്ക് നമ്മുടെ ജീവിത ജാലകങ്ങളെ തുറന്നിട്ട് ഭയമില്ലാതെ അനുസരണയോടെ ദൈവത്തിനായി ദൗത്യം ചെയ്യുവാൻ നമ്മെത്തന്നെ സമർപ്പിക്കുക. സഖറിയാസ് മാർ അപ്രേം അദ്ധ്യക്ഷനായിരുന്നു. രാവിലെ ബൈബിൾ ക്ലാസിൽ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ അദ്ധ്യക്ഷനായിരുന്നു. പ്രൊഫ. ഡോ. ക്ലിയോഫസ് ജെ. ലാറു നേതൃത്വം നൽകി.


