ഇടുക്കി/വണ്ടന്‍മേട്: പഞ്ചായത്ത് തെരഞ്ഞെടുപ്പ് അവസാന ദിവസങ്ങളിലേക്ക് അടുത്തതോടെ, കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ കടശിക്കടവ് വാര്‍ഡില്‍ വിമതന്റെ തീപ്പൊരി പോരാട്ടം. മുന്‍ പഞ്ചായത്ത് പ്രസിഡന്റും സീറോ മലബാര്‍ സഭയുടെ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവുമായ റെജി ജോണിയുടെ സ്ഥാനാര്‍ഥിത്വം പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ധാര്‍മികതയാണ് ചോദ്യം ചെയ്യുന്നത്. വാര്‍ഡിലെ ഫലം എന്താകുമെന്ന ആകാംക്ഷയിലാണ് പഞ്ചായത്തിലെ വോട്ടര്‍മാര്‍.
റെജി ജോണി വിമതനായി ഇറങ്ങിയതിന് പിന്നില്‍ പ്രാദേശിക നേതൃത്വത്തിന്റെ വിവേചനപരമായ സമീപനങ്ങളാണ് പ്രധാന കാരണം. മുതിര്‍ന്ന ഒരു കോണ്‍ഗ്രസ് നേതാവ് വയോധികയുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച വിവാദത്തില്‍, നീതിക്കുവേണ്ടി നിലയുറപ്പിച്ച റെജി ജോണിയെ നേതൃത്വം പൂര്‍ണ്ണമായും ഒറ്റപ്പെടുത്തുകയായിരുന്നു. അനീതി പ്രവര്‍ത്തിച്ചവര്‍ക്ക് കൂട്ടുനിന്ന നേതൃത്വത്തിന്റെ നിലപാടാണ് റെജി ജോണിയെ ഈ നിര്‍ണായക പോരാട്ടത്തിന് പ്രേരിപ്പിച്ചത്.
കടശിക്കടവ് വാര്‍ഡ് സംവരണത്തില്‍ നിന്ന് ജനറല്‍ ആയപ്പോള്‍, പൊതുവിഭാഗത്തില്‍ നിന്നുള്ള യോഗ്യനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന റെജി ജോണിയുടെ ആവശ്യം നേതൃത്വം ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി അവഗണിച്ചു. ഇത് പാര്‍ട്ടിയിലെ ജനാധിപത്യ മൂല്യങ്ങള്‍ കാറ്റില്‍പ്പറത്തിയതിന് തുല്യമായി.സാധാരണ പ്രവര്‍ത്തകര്‍ക്കിടയിലും പൊതുസമൂഹത്തിലും റെജി ജോണിക്കുള്ള വ്യക്തിബന്ധങ്ങളുടെ കരുത്ത് അദ്ദേഹത്തിന് അനുകൂലമായി മാറുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ വികാരമാണ് അദ്ദേഹത്തിന് ലഭിക്കുന്ന വന്‍ പിന്തുണയില്‍ പ്രതിഫലിക്കുന്നത്.
ധാര്‍മികത മുന്‍നിര്‍ത്തി റെജി ജോണി നടത്തുന്ന ഈ പോരാട്ടം കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നത് ഉറപ്പാണ്. ഇത് വണ്ടന്‍മേട് പഞ്ചായത്തിലെ മൊത്തം രാഷ്ട്രീയ സമവാക്യങ്ങളില്‍ അട്ടിമറിക്ക് സാധ്യതയൊരുക്കുമെന്നാണ് വിലയിരുത്തല്‍. കടശിക്കടവിലെ വോട്ടെടുപ്പ് ഫലം പഞ്ചായത്ത് രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കും.
What do you feel about this post?
Like
Love
Happy
Haha
Sad

