പത്തനംതിട്ട – മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ആശാ പ്രവർത്തകർ പോലീസിന്റെ മുൻകൂർ അനുമതി വാങ്ങി സമാധാനപരമായി നടത്തിയ മാർച്ചിന് നേരെ പോലീസ് നടത്തിയ അതിക്രമം സമരത്തെ അടിച്ചൊതുക്കാൻ മുഖ്യമന്ത്രി നൽകിയ നിർദ്ദേശപ്രകാരം അരങ്ങേറിയതാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാനും ആശാ സമര സഹായസമിതി ജില്ലാ ചെയർമാനുമായ ജോസഫ് എം.പുതുശ്ശേരി.
ആളില്ലാ സമരം എന്നുപറഞ്ഞ് നേരെത്തെ ആക്ഷേപിക്കുകയും ആനുകൂല്യ വർദ്ധനവിന് നിയമിച്ച കമ്മീഷൻ റിപ്പോർട്ട് നൽകി മാസങ്ങൾ കഴിഞ്ഞിട്ടും അത് പ്രഖ്യാപിക്കാതെ പിടിവാശി കാണിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയാണ് ഇതിനെല്ലാം കാരണം. സമരത്തെ അവഗണിക്കാനും അടിച്ചമർത്താനും നോക്കുന്നതോറും കേരളീയ സമൂഹത്തിന്റെ എല്ലാ തുറകളിലും പെട്ടവരുടെ വ്യാപക പിന്തുണ ലഭിച്ച് സമരം ശക്തിപ്പെടുകയാണു ണ്ടായതെന്നും അതുകൊണ്ടുതന്നെ ആവശ്യങ്ങൾ അംഗീകരിച്ച് ഈ സമരത്തിന് മുന്നിൽ മുഖ്യമന്ത്രിക്കു മുട്ടുമടക്കേണ്ടി വരുമെന്നും പുതുശ്ശേരി പറഞ്ഞു.
ക്ലിഫ് ഹൗസ് മാർച്ചിന് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ആശാസമര സഹായ സമിതി ജില്ലാ കമ്മിറ്റി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരസഹായ സമിതി നിയോജകമണ്ഡലം കൺവീനർ കെ. ജാസിംകുട്ടി അധ്യക്ഷത വഹിച്ചു. ലക്ഷ്മി ആർ. ശേഖർ, എസ്. ശ്രീജ, എസ്. ഫാത്തിമ,അഡ്വ. ബാബു വർഗീസ്, അബ്ദുൽ കലാം ആസാദ്, അജിത്ത് മണ്ണിൽ, കെ. എസ്. ഗോപി, നാസർ തോണ്ടമണ്ണിൽ, ഏബൽ മാത്യു, ബിനു ബേബി, എസ്. അബ്സൽ, പി. പ്രവിത, സജിനി മോഹൻ, ടി. എം. മാത്യു എന്നിവർ പ്രസംഗിച്ചു.


