വികസന മികവിന്റെ 10 വർഷം: ആനിക്കാട് വികസന സദസിൽ മാത്യു ടി തോമസ് എംഎൽഎ

Pathanamthitta
Print Friendly, PDF & Email

തിരുവല്ല – സംസ്ഥാനം വികസനത്തിൽ മുന്നേറിയ കാലമാണ് കഴിഞ്ഞ 10 വർഷമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎൽഎ. നൂറോന്മാവ് സെന്റ് മേരീസ് മലങ്കര സിറിയൻ കാതോലിക് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ആനിക്കാട് ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസനം ഉൾപ്പെടെ പശ്ചാത്തല സൗകര്യ വികസനം സർക്കാർ സാധ്യമാക്കി. ചരക്കു നീക്കത്തിന് വേഗത ഉണ്ടാക്കുന്നതിന് വിഴിഞ്ഞം തുറമുഖം, ക്ഷേമ പെൻഷൻ, ലൈഫ്, അതിദാരിദ്ര നിർമാർജനം തുടങ്ങി എല്ലാ മേഖലയിലും സർക്കാർ മികച്ച പ്രവർത്തനം കാഴ്ചവച്ചു. കിഫ്ബി ഫണ്ടിലൂടെ സ്‌കൂൾ, ആശുപത്രി, റോഡ് എന്നിവ മെച്ചപ്പെടുത്തി. 83 കോടി രൂപ അനുവദിച്ച തിരുവല്ല-മല്ലപ്പള്ളി റോഡിൽ സ്ഥലമെടുപ്പും മല്ലപ്പള്ളി സർക്കാർ ആശുപത്രിയിൽ 50 കോടി രൂപയുടെ നിർമാണ പ്രവർത്തനവും നടക്കുന്നു. സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതാണ് വികസന സദസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മല്ലപ്പള്ളി ബ്ലോക്ക്പഞ്ചായത്തംഗം സുധികുമാർ അധ്യക്ഷനായി.
സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവർത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവയ്ക്കാനുമാണ് ഗ്രാമപഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചത്.

ഡിജി കേരളം പദ്ധതിയിലൂടെ കണ്ടെത്തിയ 1762 പഠിതാക്കൾക്കും പരിശീലനം നൽകി പഞ്ചായത്ത് ഡിജിറ്റൽ സാക്ഷരത നേടി. അതിദാരിദ്രത്തിൽ നിന്ന് 13 കുടുംബങ്ങളെ മുക്തരാക്കി. വീട്, മരുന്ന്, ഭക്ഷണം എന്നിവ നൽകി. ലൈഫ് മിഷൻ വഴി 63 പേർക്ക് വീട് നൽകി. 16 വീട് നിർമാണം പുരോഗമിക്കുന്നു. പഞ്ചായത്തിന്റെ ഭാവി വികസനത്തിന് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് നിർദേശങ്ങളും അഭിപ്രായങ്ങളും ഉയർന്നു.
പഞ്ചായത്തിലെ മികച്ച കർഷകൻ, ഹരിതകർമ സേന, തൊഴിലുറപ്പ്, ആശാ, കുടുംബശ്രീ പ്രവർത്തകർ, കായിക പ്രതിഭകൾ തുടങ്ങിയവരെ സദസിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഡെയ്സി വർഗീസ്, അംഗങ്ങളായ സി.സി പ്രേംസി, സി.എസ് ശാലിനി, മാത്യുസ് കല്ലുപുര, പഞ്ചായത്ത് സെക്രട്ടറി ബിന്നി ജോർജ്, അസിസ്റ്റന്റ് സെക്രട്ടറി ബിജു ആനന്ദ്,സി ഡി എസ് ചെയർപേഴ്‌സൺ പി. കെ ബിന്ദു, ഉദ്യോഗസ്ഥർ, കുടുംബശ്രീ, ഹരിതകർമ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *