കോഴഞ്ചേരി – സംസ്ഥാന സർക്കാർ നടപ്പാക്കുന്നത് ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം. കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചാത്തല സൗകര്യ വികസനത്തിന് സർക്കാർ പ്രാധാന്യം നൽകുന്നു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, റോഡ് തുടങ്ങി സമസ്ത മേഖലകളിലും സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യം. സംസ്ഥാനത്ത് ഐ ടി മേഖലയിൽ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 1.10 ലക്ഷം രൂപയുടെ കയറ്റുമതി നടന്നു. രാജ്യത്ത് ആദ്യത്തെ അതിദരിദ്ര്യരില്ലാത്ത സംസ്ഥാനമായി നവംബർ ഒന്നിന് കേരളത്തെ പ്രഖ്യാപിക്കും. ജില്ലയിൽ കുടുംബശ്രീയിലൂടെ നൈപുണ്യ പരിശീലനം നൽകി ഓണത്തിന് മുമ്പ് 5286 പേർക്ക് തൊഴിൽ നൽകി. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും അദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്തംഗം ബിജിലി പി ഈശോ അധ്യക്ഷനായി. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദർശനവും സദസിൽ നടത്തി. വികസന സദസിന്റെ ലക്ഷ്യം, പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ റിപ്പോർട്ട് എന്നിവ അസിസ്റ്റന്റ് സെക്രട്ടറി പി രേണു അവതരിപ്പിച്ചു. ലൈഫ് ഭവന പദ്ധതിയിലൂടെ പഞ്ചായത്തിലെ 46 കുടുംബങ്ങളുടെ വീട് നിർമാണം പൂർത്തീകരിച്ചു. എട്ട് വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. അതിദാരിദ്ര്യത്തിൽ നിന്ന് 23 കുടുംബങ്ങളെ മുക്തരാക്കി.
അതിദരിദ്ര കുടുംബങ്ങൾക്ക് ചികിത്സ ആനുകൂല്യങ്ങളും വീട്, ഉജ്ജീവനം പദ്ധതിയിലൂടെ സംരംഭം തുടങ്ങുന്നതിന് തിരിച്ചടവില്ലാത്ത ലോൺ തുടങ്ങിയവയും നൽകി. ഡിജി കേരളത്തിലൂടെ കണ്ടെത്തിയ 547 പഠിതാക്കളുടെ പരിശീലനം പൂർത്തിയാക്കി. പഞ്ചായത്തിലെ ഗ്രാമീണറോഡുകളുടെ പരിപാലനത്തിന് കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി 2.63 കോടി രൂപയും പുതിയ റോഡുകൾക്കായി 1.06 കോടി രൂപയും ചെലവഴിച്ചു. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ പ്രദേശങ്ങളിൽ ശുദ്ധജലം ലഭ്യമാക്കി.
സദസിന്റെ ഭാഗമായി കെ സ്മാർട്ട് ക്ലിനിക്ക് സംഘടിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണ നേട്ടം അവതരിപ്പിക്കുന്നതിനും വികസന പദ്ധതികളെ പറ്റി അവലോകനം നടത്തുന്നതിനും പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമാണ് വികസന സദസ് സംഘടിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മികച്ച കർഷകർ, തൊഴിലുറപ്പ് , ഹരിത കർമ സേന, ആശ പ്രവർത്തകർ തുടങ്ങിയവരെ ആദരിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി, ജില്ല പഞ്ചായത്തംഗം സാറ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ബി അന്നമ്മ, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബിജോ പി മാത്യു, അംഗങ്ങളായ റോയി ഫിലിപ്പ്, മിനി സുരേഷ്, സി ടി എസ് ചെയർപേഴ്സൺ സുധ ശിവദാസ്, ആസൂത്രണ സമിതി അധ്യക്ഷൻ ചെറിയാൻ ജോർജ് തബു, ചെറുകിട വ്യവസായ സംരംഭകൻ ഷാജി മാത്യു പുളിമൂട്ടിൽ, വകുപ്പ് ഉദ്യോഗസ്ഥർ, ഹരിത കർമ സേനാംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.



