കുത്തിയ ചിഹ്നമല്ല വിവിപാറ്റിൽ വന്നത് എന്നാരോപണം : കുമ്പഴ വടക്ക് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധത്തിനവസാനം വോട്ടർ പരാതി പിൻവലിച്ച് സ്ഥലം കാലിയാക്കി

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട: സിഐടിയു ബ്യൂട്ടീഷന്‍ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ടു കുത്തിയത് യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്ക്. വിവിപാറ്റ് സ്ലിപ്പ് വന്നപ്പോള്‍ തെളിഞ്ഞത് എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിയുടെ പേര്. താന്‍ കുത്തിയത് ആന്റോയ്ക്കാണെന്ന നിലപാടില്‍ വോട്ടര്‍ ഉറച്ചു നിന്നതോടെ പ്രതിഷേധമായി. ഒരു മണിക്കൂറോളം ബൂത്തില്‍ പോളിങ് തടസപ്പെട്ടു. നാലു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ പരാതി പിന്‍വലിച്ച് വോട്ടര്‍ മടങ്ങി.

ആറന്മുള നിയോജക മണ്ഡലത്തിലെ കുമ്പഴ വടക്ക് ഒന്നാം നമ്പര്‍ ബൂത്തിലാണ് സംഭവം. ഉച്ചയ്ക്ക് 12 മണിയോടെ വോട്ട് ചെയ്ത ബ്യൂട്ടീഷന്‍ അസോസിയേഷന്‍ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി ഷേര്‍ലിയാണ് പരാതി ഉന്നയിച്ചത്. താന്‍ ആന്റോ ആന്റണിക്കാണ് വോട്ട് ചെയ്തതെന്നും പക്ഷേ, വിവിപാറ്റില്‍ വന്ന സ്ലിപ്പ് അനില്‍ കെ. ആന്റണിയുടെ താമര ചിഹ്നമാണെന്നും ഇവര്‍ പറഞ്ഞു. പരാതി ഉയര്‍ന്നതോടെ പോളിങ് നടപടികള്‍ പ്രിസൈഡിങ് ഓഫീസര്‍ നിര്‍ത്തി വച്ചു. തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോ പ്രതിനിധികളോടും ക്യൂവില്‍ നിന്ന ചിലരോടും വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. വിവിപാറ്റ് സ്ലിപ്പ് കൃത്യമായി വരുന്നുണ്ടെന്ന് വോട്ട് ചെയ്തവര്‍ പറഞ്ഞു. എന്നാല്‍, വോട്ടറായ ഷേര്‍ലി തന്റെ ആക്ഷേപത്തില്‍ ഉറച്ചു നിന്നു. ഇതോടെ പ്രശ്‌നം യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. ആന്റോ ആന്റണി സ്ഥലത്ത് വന്നു. ഷെര്‍ലി ചെയ്യാത്ത വോട്ട് ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്നും ഒരു വോട്ട് ക്യാന്‍സല്‍ ചെയ്യണമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി വരണാധികാരിയായ ജില്ല കലക്ടറോടും മറ്റ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചു.

ഇതിനെതിരേ എന്‍.ഡി.എ പ്രവര്‍ത്തകര്‍ രംഗത്തു വന്നു. തുടര്‍ന്ന് ഡെപ്യൂട്ടി കലക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇതിനിടെ പോളിങ് നടപടികള്‍ ഒരു മണിക്കൂറോളം തടസപ്പെട്ടു. ഡെപ്യൂട്ടി കലക്ടര്‍ രണ്ട് ഉപാധികള്‍ മുന്നോട്ടു വച്ചു. ഒന്നുകില്‍ പരാതി പിന്‍വലിക്കാം. അല്ലാത്ത പക്ഷം വീണ്ടും വോട്ട് ചെയ്യാനുള്ള അവസരം നല്‍കാം. പക്ഷേ വോട്ട് ചെയ്യുമ്പോള്‍ ആ ചിഹ്നത്തിന് പകരം മറ്റ് ചിഹ്നത്തിന്റെ വിവിപാറ്റ് വരാത്ത പക്ഷം ആറുമാസം തടവും പിഴയും ഉണ്ടാകും. ഇതു കേട്ടതോടെ ഷേര്‍ലി പരാതിയില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. പേരിലുണ്ടായ സാമ്യം മൂലം വോട്ട് മാറിച്ചെയ്തതാണ് എന്നാണ് കരുതുന്നത്. പസേി.ഐ.ടി.യു ബ്യൂട്ടീഷന്‍ അസോസിയേഷന്റെ ഭാരവാഹിയായ ഷേര്‍ലി താന്‍ വോട്ട് ചെയ്തത് യു.ഡി.എഫ് സ്ഥാനാര്‍ഥിക്കാണെന്ന് തുറന്നു പറഞ്ഞത് സി.പി.എമ്മിന് ക്ഷീണമായി.

Leave a Reply

Your email address will not be published. Required fields are marked *