ശബരിമല തീർത്ഥാടനം : ബാലവേലയും ബാലഭിക്ഷാടനവും തടയാൻ നിർദ്ദേശം

Pathanamthitta Kerala

പത്തനംതിട്ട – ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് ബാലവേലയും ബാലഭിക്ഷാടനവും കണ്ടെത്തുന്നതിനും തടയുന്നതിനുമായി സ്‌ക്വാഡ് പ്രവർത്തനം ഊർജ്ജിതപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ എ ഷിബു നിർദ്ദേശം നൽകി. 1986 ലെ ചൈൽഡ് ആൻഡ് അഡോളസെന്റ് ലേബർ ആക്ട് പ്രകാരം രൂപീകരിച്ചിട്ടുള്ള ജില്ലാതല ടാസ്‌ക്ഫോഴ്സിന്റെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലഭിക്ഷാടനത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനും, കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിനുള്ള പദ്ധതി നടപ്പിലാക്കണം. അതിഥി തൊഴിലാളികളുടെ കുടുംബങ്ങളെയും കുട്ടികളെയും പരിശോധനയുടെ പരിധിയിൽ ഉൾപ്പെടുത്തണം. ബാലവേലയുമായി ബന്ധപ്പെട്ട സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കൃത്യമായി റിപ്പോർട്ട് ചെയ്യുകയും സത്വരമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യണം. പഴുതുകൾ സൃഷ്ടിച്ച് കുറ്റവാളികൾ പുറത്ത് പോകാതിരിക്കാൻ കൃത്യമായും പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ദേശീയ ബാലാവകാശകമ്മിഷൻ നവംബർ 20 മുതൽ ഡിസംബർ 10 വരെ നടത്തുന്ന പാൻ ഇന്ത്യ റെസ്‌ക്യു ആൻഡ് റീഹാബിലിറ്റേഷൻ കാമ്പയിൻ കാര്യക്ഷമമായി ജില്ലയിൽ സംഘടിപ്പിക്കണമെന്നും പോസ്റ്ററുകൾ വ്യാപകമായി പ്രചരിപ്പിക്കണമെന്നും കളക്ടർ പറഞ്ഞു.
അഡിഷണൽ ജില്ലാ പൊലീസ് മേധാവി ആർ. പ്രദീപ് കുമാർ, ജില്ലാ ലേബർ ഓഫീസർ ഇൻചാർജ്ജ് എസ്.സുരാജ്, ജില്ലാ ചൈൽഡ് ഓഫീസർ ലതാകുമാരി, തഹസിൽദാർമാർ, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *