പന്തളം -: ദൈവമില്ലെന്ന് പല ചാനൽ ചർച്ചകളിലും, അഭിമുഖങ്ങളിലുമൊക്കെ പറഞ്ഞിട്ടുള്ള പിണറായി വിജയന്‍ ഇപ്പോൾ ഗീതയെക്കുറിച്ച് ക്ലാസെടുക്കുകയാണെന്ന് തമിഴ്‌നാട് മുന്‍ ബിജെപി അദ്ധ്യക്ഷന്‍ കെ.അണ്ണാമലൈ. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ പന്തളത്ത് ഇന്ന് സംഘടിപ്പിച്ച ശബരിമല വിശ്വാസ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാര്‍ സംഘടനകളാണ് സംഗമം സംഘടിപ്പിച്ചത്. പ്രസംഗത്തിലുടനീളം മുഖ്യമന്ത്രി പിണറായി വിജയനെയും, എംകെ സ്റ്റാലിനെയും കടന്നാക്രമിക്കുകയായിരുന്നു അണ്ണാമലൈ. പന്തളത്തെ വിശ്വാസ സംഗമത്തില്‍ വന്‍ ജനപങ്കാളിത്തമാണുണ്ടായത്.

പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിന് കേരള സര്‍ക്കാര്‍ ആരെയൊക്കെ ക്ഷണിച്ചു എന്നതാണ് ശ്രദ്ധിക്കേണ്ടത്. സനാതന ധര്‍മ്മത്തെ തര്‍ക്കാന്‍ ശ്രമിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ. ഡിഎംകെ ആഗോള മുരുക സംഗമം നടത്തിയത് കണ്ടു കേരളത്തില്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നു പിണറായി. ഈ സംഗമങ്ങൾക്കൊന്നും രണ്ട് പേരും യോഗ്യത ഇല്ലത്തവരാണെന്നും അണ്ണാമലൈ പറഞ്ഞു. എങ്ങനെയുള്ളവര്‍ നരകത്തില്‍ പോകുമെന്ന് ഭഗവത് ഗീതയില്‍ പറയുന്നുണ്ട്. അതിന് പ്രത്യേക യോഗ്യതയുള്ള ആളാണ് പിണറായി വിജയന്‍. ഗീതയിലെ ആ ഭാഗം കൂടി അദ്ദേഹം വായിച്ചു പഠിക്കണമെന്നും അണ്ണാമലൈ പറഞ്ഞു.
പലപ്പോഴും ദൈവം ഇല്ലെന്ന് പറഞ്ഞിട്ടുള്ള പിണറായി വിജയന്‍ ഭഗവത്ഗീതയേ കുറിച്ച് ഇപ്പോൾ ക്ലാസ് എടുക്കുന്നുവെന്ന് അണ്ണാമലൈ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ഗണപതി വെറുമൊരു മിത്താണെന്ന് പറഞ്ഞവര്‍ ആണിപ്പോൾ ആദ്ധ്യാത്മിക ക്ലാസെടുക്കുന്നുതെന്നും അണ്ണാമലൈ പരിഹസിച്ചു. 2018 ല്‍ കണ്ട കാഴ്ച ഇപ്പോള്‍ ഞാൻ പന്തളത്ത് കാണുന്നു. ഭഗവദ് ഗീതയിലെ ശ്ലോകം ഉച്ചരിച്ച മുഖ്യമന്ത്രി 2018-ല്‍ എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. സനാതന ധര്‍മ്മ വിരോധികളെന്ന നിലവിലുള്ള രാഷ്ട്രീയചിത്രം തെരഞ്ഞെടുപ്പിന് മുമ്പ് മായ്ച്ചുകളയുകയാണ് സംഗമത്തിലൂടെ ലക്ഷ്യമിട്ടത്. കോടതി വിധിയുടെ മറവില്‍ രാഷ്ട്രീയ ഗുണ്ടായിസമാണ് അന്ന് നടത്തിയത് എന്നും അദ്ദേഹം ആരോപിച്ചു.

ഇപ്പോൾ സനാതന ധര്‍മ വിരോധികളായിരുന്നു പമ്പയില്‍ ഒരുമിച്ചത്. ദൈവത്തെയോ സനാതന ധര്‍മത്തെയോ വിശ്വാസമില്ലാത്ത ആളാണ് പിണറായി വിജയന്‍. എന്നാല്‍ പെട്ടെന്ന് ഭഗവദ്ഗീത വായിച്ചത് വെറും നാടകം മാത്രമാണ്. സ്‌കൂള്‍ കുട്ടികളെ പോലെ ഭഗവദ്ഗീത പഠിച്ചു തുടങ്ങിയിരിക്കുകയാണ് പിണറായി വിജയന്‍. ആരെയാണ് സര്‍ക്കാര്‍ പറ്റിക്കാന്‍ ശ്രമിക്കുന്നത്. സനാതന ധര്‍മത്തെ തള്ളിപ്പറയുന്ന സ്റ്റാലിനെയും മകനെയും കൊണ്ടുവരാന്‍ ശ്രമിച്ചതിലൂടെ ഇവരുടെ രാഷ്ട്രീയ ലക്ഷ്യം മനസിലാക്കിതരുന്നു. പമ്പയെ ലക്ഷ്വറി ടൂറിസ്റ്റ് കേന്ദ്രമാക്കാനാണ് പിണറായി വിജയന്‍ ഉദ്ദേശിച്ചതെന്നും കെ അണ്ണാമലൈ പറഞ്ഞു.

പന്തളത്ത് നടന്ന വിശ്വാസ സംഗമത്തിൽ രാവിലെ മുതൽ വിവിധ സെമിനാറുകളും നടന്നു. എല്ലാ പരിപാടികളിലും നല്ല സദസ്സും സംഘാടകർ ഉറപ്പുവരുത്തി. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ പരിപാടിയുടെ ഭാഗമായി ഉച്ചവരെ ശബരിമല, വിശ്വാസം, വികസനം, സുരക്ഷ എന്നീ വിഷയങ്ങളില്‍ സെമിനാറും നടന്നു. പരിപാടി രണ്ട് ഘട്ടങ്ങളായാണ് നടന്നത്. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പന്തളം നാനാക് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് ‘ശബരിമല: വിശ്വാസം, വികസനം, സുരക്ഷ’ എന്ന വിഷയത്തില്‍ സെമിനാര്‍. തുടര്‍ന്ന്, ഉച്ചയ്ക്ക് ശേഷം സ്വാമി അയ്യപ്പന്‍ നഗറില്‍ ഭക്തജന സംഗമം നടന്നു. ഈ പരിപാടികളില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കൊപ്പം അയ്യപ്പഭക്തരും വിശ്വാസികളും, ഭാരവാഹികളും പ്രവര്‍ത്തകരും അടക്കം പതിനായിരങ്ങൾ പങ്കെടുത്തു.


