എൽഡിഎഫിലെ മുൻ ധാരണ പ്രകാരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ രാജിവച്ചു

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ രാജി വച്ചു. എൽഡിഎഫിലെ മുൻ ധാരണ പ്രകാരമാണ് രാജി. ഇതോടെ മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായി. സിപിഐയിലെ ശ്രീനാദേവി കുഞ്ഞമ്മയാകും അടുത്ത പ്രസിഡന്റ്. വൈസ് പ്രസിഡന്റ് മായ അനിൽകുമാർ, സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ ആർ. അജയകുമാർ, ജിജി മാത്യൂ, ബീന പ്രഭ, ലേഖ സുരേഷ് എന്നിവർക്കൊപ്പം പത്തനംതിട്ട പ്രസ് ക്ലബിൽ പത്രസമ്മേളനം വിളിച്ചാണ് രാജി പ്രഖ്യാപനം നടത്തിയത്.

എൽഡിഎഫിലെ ധാരണ പ്രകാരം ആദ്യ മൂന്നു വർഷം സിപിഎമ്മിനും പിന്നീടുള്ള രണ്ടു വർഷം സിപിഐക്കും കേരളാ കോൺഗ്രസ് എമ്മിനുമാണ് പ്രസിഡന്റ് സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. ധാരണ പ്രകാരം ശങ്കരൻ കഴിഞ്ഞ മേയ് മാസത്തിൽ സ്ഥാനമൊഴിയേണ്ടിയിരുന്നതാണ്. ധാരണ പാലിക്കാത്തത് മുന്നണിയിൽ വിവാദത്തിനും കാരണമായിരുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ ആസൂത്രണ സമിതി അധ്യക്ഷൻ എന്നീ നിലകളിൽ മൂന്ന് വർഷം പ്രവർത്തിച്ച ശേഷം സംതൃപ്തിയോടെയാണ് സ്ഥാനം ഒഴിയുന്നതെന്ന് ഓമല്ലൂർ ശങ്കരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് നൂതനമായ നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയതായും അദ്ദേഹം അവകാശപ്പെട്ടു.

കാർഷിക മേഖലയിലും സമ്പൂർണ്ണ ശുചിത്വ രംഗത്തും ആരോഗ്യവിദ്യാഭ്യാസ രംഗങ്ങളിലും നിരവധി പുതിയ പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞു. സാങ്കേതിക തടസങ്ങൾ മൂലം നീണ്ടുപോയ ചില പദ്ധതികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകും. ആദ്യത്തെ ഒരു വർഷം കോവിഡും പ്രളയവും മൂലമുണ്ടായ കെടുതികൾക്ക് പരിഹാരമുണ്ടാക്കാൻ ശ്രദ്ധിക്കേണ്ടി വന്നതുമൂലം പിന്നീടുള്ള രണ്ടു വർഷമാണ് വികസന പദ്ധതികൾ നടപ്പാക്കാൻ സാഹചര്യമുണ്ടായത്.

ത്രിതല പഞ്ചായത്തുകളെയും നഗരസഭകളെയും ഏകോപിപ്പിച്ച് ജില്ലാ പ്ലാൻ എന്ന നിലയിൽ പദ്ധതികൾ രൂപീകരിച്ച് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കി വരികയാണ്. ജില്ലാ പഞ്ചായത്തിൽ അഴിമതി രഹിതവും സുതാര്യവുമായ ഭരണം കാഴ്ചവയ്ക്കാനും ഭരണപക്ഷ പ്രതിപക്ഷ ഭിന്നതയില്ലാതെ എല്ലാവരെയും യോജിപ്പിച്ച് നിർത്താനും കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ 25 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് അഡ്വ. ഓമല്ലൂർശങ്കരൻ അദ്ധ്യക്ഷ പദം ഒഴിയുന്നത്.

അദ്ധ്യക്ഷപദം ഇനി സിപിഐക്കാണ്. പാർട്ടിക്കുളളിൽ സമീപകാലത്തുണ്ടായ വിഭാഗീയതയും ജില്ലാ സെക്രട്ടറിയുടെ തരംതാഴ്ത്തലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. പള്ളിക്കൽ ഡിവിഷനിൽ നിന്നുള്ള ശ്രീനാദേവി കുഞ്ഞമ്മയാകും അടുത്ത പ്രസിഡന്റ് എന്നാണ് പറയുന്നു. രാജി പി. രാജപ്പനാണ് മറ്റൊരു സിപിഐ അംഗം. ഈ കമ്മറ്റിയുടെ തുടക്കത്തിൽ രാജി വൈസ് പ്രസിഡന്റായിരുന്നു. പാർട്ടിക്കുള്ളിൽ തരംതാഴ്ത്തപ്പെട്ടെങ്കിലും മുൻ ജില്ലാ സെക്രട്ടറി എ.പി ജയൻ സിപിഐയിൽ ശക്തനാണ്. ജയൻ അനുകൂലികൾ ശ്രീനാദേവിയെ പ്രസിഡന്റാക്കാതിരിക്കാൻ ചരടുവലികൾ നടത്തുന്നുണ്ട് എന്നാണറിയുന്നത്. ശ്രീനാദേവിയുടെ പരാതിയിലാണ് ജയന് സെക്രട്ടറി സ്ഥാനം തെറിച്ചതും പാർട്ടിയിൽ തരംതാഴ്ത്തപ്പെട്ടതും. ഈ സാഹചര്യത്തിൽ രാജി പി. രാജപ്പനെ പ്രസിഡന്റാക്കാൻ വേണ്ടി ജയൻ പക്ഷം സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *