കടമ്പനാട്: – പഞ്ചായത്തിൽ സ്ഥിരമായുള്ള ആറു ജനറൽ വാർഡുകളിൽ ഇക്കുറിയെങ്കിലും സംവരണം വരുമോ എന്ന് ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ് വോട്ടർമാർ. പഞ്ചായത്ത് രാജ് ചട്ടമനുസരിച്ചുളള തെരഞ്ഞെടുപ്പ് പ്രകിയ ആരംഭിച്ച ശേഷം ഇതു വരെ പട്ടികജാതി സംവരണം വരാത്ത ആറു വാർഡുകളാണ് പഞ്ചായത്തിലുള്ളത്. ഓരോ തവണയും തെരഞ്ഞെടുപ്പ് വരുമ്പോൾ സംവരണ വാർഡ് നിർണയിക്കാൻ നറുക്കെടുപ്പ് നടക്കാറുണ്ട്. പക്ഷേ, പഞ്ചായത്തിലെ 7,10,12,13,16,17 വാർഡുകൾക്ക് ഒരിക്കലും നറുക്ക് വീഴാറില്ല. ഒരു മുന്നണിയും ഇതിന് പിന്നിലുള്ള കാരണം തേടിപ്പോകാറുമില്ല. ഈ വാർഡുകൾക്ക് നറുക്ക് വീഴുന്നില്ലെന്ന് സമാധാനിച്ച് എല്ലാവരും മടങ്ങും. ഇക്കുറിയും ഇത് അങ്ങനെ തന്നെയാകുമെന്നാണ് ഈ വാർഡിലെ വോട്ടർമാരിൽ ചിലർ വിചാരിക്കുന്നത്. ഇതിന് പിന്നിൽ മൂന്നു മുന്നണികളുടെയും ഒത്തു കളിയുണ്ടെന്ന് അവർ പറയുന്നു. റൊട്ടേഷൻ സമ്പ്രദായത്തിലാണ് സംവരണ വാർഡുകളുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. അങ്ങനെ വരുമ്പോൾ ഒരു തവണയെങ്കിലും 7,10,12,13,16,17 എന്നിവ സംവരണ വാർഡുകളിൽ വരേണ്ടതാണ്. പക്ഷേ, ഇവ കാലങ്ങളായി ജനറൽ വാർഡായി തുടരുന്നു. ഇതിൽ വാർഡ് 10 യു.ഡി.എഫും ബാക്കി എൽ.ഡി.എഫും വിജയിച്ചിട്ടുള്ളതാണ്. ഈ വാർഡുകളിൽ ഓരോ തവണയും ജനറൽ വനിതയോ പുരുഷനോ വരും. 12-ാം വാർഡ് ജനറൽ ആയിരുന്നിട്ടു കൂടി ഒരു തവണ എസ്.സി വിഭാഗത്തിൽപ്പെട്ടയാൾ വിജയിച്ചിട്ടുണ്ട്. എസ്.സി വിഭാഗത്തിൽപ്പെട്ടവർ ഏറ്റവുമധികം ഉള്ളത് ഈ വാർഡിലാണ്.
ആറു വാർഡുകളിൽ സംവരണം വരാത്തതിന് പിന്നിൽ മുന്നണികളുടെയും ഉദ്യോഗസ്ഥരുടെയും ഒത്തുകളിയുണ്ടെന്നാണ് സംശയിക്കുന്നത്. ഇരുപക്ഷത്തേയും ചില പ്രമുഖ നേതാക്കളുടെ വാർഡുകളിലാണ് എസ്.സി സംവരണം ഒഴിഞ്ഞു നിൽക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഏഴാം വാർഡിൽ ഒരു കാരണവശാലും എസ്.സി സംവരണം വരാതിരിക്കാൻ ഒരു നേതാവിന്റെ ഇടപെടൽ നടക്കുന്നുവെന്നാണ് അറിയുന്നത്. ഇദ്ദേഹത്തിന്റെ ബന്ധുവാകും ഇക്കുറി ഇവിടെ സി.പി.എം സ്ഥാനാർഥി എന്നാണ് സൂചന. സംവരണ വാർഡുകൾ നിശ്ചയിച്ചിട്ടില്ലെങ്കിൽ പോലും ഇദ്ദേഹം ഇവിടെ പ്രചാരണ വേലകൾ തുടങ്ങിക്കഴിഞ്ഞു.
ചില നേതാക്കളുടെ സമ്മർദമാണ് നറുക്കെടുപ്പുകളിൽ നിന്ന് മേൽപ്പറഞ്ഞ് ആറു വാർഡുകൾ ഒഴിവാകാൻ കാരണമെന്ന് ആരോപണം ഉണ്ട്. 26 നാണ് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടക്കുന്നത്. കടമ്പനാട് പഞ്ചായത്തിൽ മാത്രമുള്ള ഈ സവിശേഷ സാഹചര്യം ജില്ലാ വരണാധികാരി കൂടിയായ കലക്ടർ ശ്രദ്ധിക്കണമെന്നും വാർഡുകളുടെ സംവരണത്തിൽ റൊട്ടേഷൻ വരുത്തമെന്ന നിബന്ധന കർശനമായി പാലിക്കണമെന്നുമാണ് വോട്ടർമാരുടെ ആവശ്യം.


