പത്തനംതിട്ട: കേബിൾ ടിവി നെറ്റ് വർക്ക് ഉടമ സർവീസ് പ്രൊവൈഡറിനെ മാറ്റിയതിന്റെ ചെലവ് ഉപയോക്താവ് വഹിക്കണമെന്ന ആവശ്യം തള്ളി ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. ഉപയോക്താവിന്റെ പരാതിയിൽ 30,000 രൂപ കേബിൾ ടിവി നെറ്റവർക്ക് ഉടമ നഷ്ടപരിഹാരം നൽകാനും കമ്മിഷൻ ഉത്തരവിട്ടു. റാന്നി കാർത്തിക കമ്മ്യൂണിക്കേഷൻ മാനേജർ അജയനെതിരെ മറ്റപ്പള്ളി വീട്ടിൽ എം.ടി മാത്യു ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനിൽ ഫയൽ ചെയ്ത ഹർജിയിലാണ് വിധി.
ഏഷ്യാനെറ്റ് കേബിൾ വിഷന്റെ ഫ്രാഞ്ചൈസി ആയിരുന്നു അജയൻ. ആ സമയം 1800 രൂപ അടച്ചാണ് ടി.വി. മാത്യു അജയനിൽ നിന്ന് ഏഷ്യനെറ്റ് കേബിൾ കണക്ഷൻ എടുത്തത്. പിന്നീട് അജയൻ ഏഷ്യാനെറ്റുമായി തെറ്റി. കേരളാ വിഷന്റെ കേബിൾ കണക്ഷന്റെ ഫ്രാഞ്ചൈസി എടുക്കുകയും ചെയ്തു. ഇങ്ങനെ വന്നപ്പോൾ നേരത്തേ ഉണ്ടായിരുന്ന ഏഷ്യാനെറ്റിന്റെ സെറ്റ് ടോപ്പ് ബോക്സ് മാറ്റി കേരളാ വിഷന്റേത് വയ്ക്കേണ്ടി വന്നു. ഇതിന് 2000 രൂപ അടയ്ക്കാൻ മാത്യുവിനോട് ആവശ്യപ്പെട്ടു. എന്നാൽ, മാത്യു ഇതിന് തയാറായില്ല. താൻ 1800 രൂപ നൽകിയെടുത്ത കണക്ഷനാണെന്നും കേബിൾ നെറ്റ്വർക്ക് ഉടമ സർവീസ് പ്രൊവൈഡറെ മാറ്റിയത് തന്റെ കുഴപ്പമല്ലെന്നും മാത്യു പറഞ്ഞു. ഇതോടെ മാത്യുവിന്റെ വീട്ടിലെ കേബിൾ ടി.വി കണക്ഷൻ അജയന്റെ കാർത്തിക കമ്യൂണിക്കേഷൻസ് വിഛേദിക്കുകയായിരുന്നു.
ഇതിനെതിരേയാണ് മാത്യു ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. കാർത്തിക കമ്മ്യൂണിക്കേഷന്റെ മാനേജർ അജയൻ തന്നെയാണ് 1,800 രൂപ വാങ്ങിയിട്ട് ഏഷ്യാനെറ്റിന്റെ കേബിൾ കണക്ഷൻ നൽകിയതെന്നും അയാൾ ഏഷ്യാനെറ്റുമായി ഉളള ബന്ധം മനഃപൂർവ്വമായി ഉപേക്ഷിച്ച് കേരളാ വിഷനുമായി പുതിയ ബന്ധം സ്ഥാപിച്ചെങ്കിൽ അതിന്റെ വില ഉപയോക്താക്കൾ തരണമെന്നു പറയുന്നതിനെ മാത്യു കമ്മിഷനിൽ എതിർത്തു. രണ്ട് കൂട്ടരുടേയും വാദങ്ങളും തെളിവുകളും കേട്ട് കോടതി ഹർജികക്ഷിയുടെ ഭാഗം ന്യായമാണെന്നു കണ്ടെത്തി. രണ്ടാഴ്ച്ചയ്ക്കകം കേബിൾ കണക്ഷൻ പുന:സ്ഥാപിക്കാൻ കമ്മിഷൻ നിർദേശിച്ചു. മാത്യുവിന് നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവിലേക്ക് 5000 രൂപയും അജയൻ നൽകണമെന്നും വിധിച്ചു. കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.


