ശബരിമല:- തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്റെ ക്ഷേത്രത്തിലെ ഉത്സവങ്ങളില്‍ നടത്തുന്ന ഭക്തിഗാനമേളകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയോ മറ്റേതെങ്കിലും പ്രസ്ഥാനങ്ങളുടേയോ പ്രാര്‍ത്ഥനാ ഗാനങ്ങള്‍ ആലപിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ദേവസ്വം കമ്മിഷണറുടെ ഉത്തരവ്. ഹിന്ദു ഭക്തിഗാനങ്ങള്‍ ആലപിക്കുന്ന ഭക്തിഗാനമേളകള്‍ മാത്രമേ ക്ഷേത്രമതിലകത്ത് പാടുള്ളൂ. ക്ഷേത്രകലകള്‍ക്ക് പ്രാധാന്യമുള്ള കലാപരിപാടികളാണ് ഉത്സവങ്ങളില്‍ കൂടുതലായി നടത്തേണ്ടതെന്നും നിര്‍ദ്ദേശമുണ്ട്. ഹിന്ദു മതവിശ്വാസത്തിനും ക്ഷേത്രാചാരാനുഷ്ഠാനങ്ങള്‍ക്കും അനുയോജ്യമായ കലാപരിപാടികള്‍ മാത്രമേ നടത്താന്‍ പാടുള്ളൂ.
ഡി.ജെ. പോലുള്ള കേള്‍വിക്ക് അരോചകമായ വാദ്യമേളങ്ങള്‍ ക്ഷേത്ര മതിലകത്ത് നിരോധിച്ചിട്ടുണ്ട്. ഹിന്ദുമത വിശ്വാസത്തിനും ക്ഷേത്ര ആചാരത്തിനും എതിരായി എന്തെങ്കിലും വിധത്തിലുള്ള കലാപരിപാടികള്‍ അവതരിപ്പിക്കുകയില്ലെയെന്ന് 200 രൂപ മുദ്രപത്രത്തില്‍ ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍മാര്‍ക്ക് ക്ഷേത്ര ഉപദേശക സമിതി ബോണ്ട് നല്‍കിയാലേ സംഭാവന കൂപ്പണ്‍ സീല്‍ ചെയ്തു കൊടുക്കൂ. ഉത്സവങ്ങളുടെയും മറ്റ് ആഘോഷങ്ങളുടെയും ഭാഗമായി കലാപരിപാടികള്‍, സ്‌റ്റേജ് ക്രമീകരണങ്ങള്‍ മറ്റ് അലങ്കാരങ്ങള്‍ എന്നിവ നടത്തുമ്പോള്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാ ഭക്തരുടെയും താല്പര്യത്തിനും ആചാര അനുഷ്ഠാനങ്ങള്‍ക്കും വിധേയമായും കോടതി ഉത്തരവ് അനുസരിച്ചും നടത്തുന്നതിന് സാംസ്‌കാരിക പുരാവസ്തു വിഭാഗം ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാർഗ്ഗ നിര്‍ദ്ദേശങ്ങള്‍.
What do you feel about this post?
Like
Love
Happy
Haha
Sad

