നെല്ലിമല – ഒരു നാടിനെയാകെ പരിഭ്രാന്തിയിലാക്കിയ പെരുമ്പാമ്പിനെ നാട്ടുകാരുടെ സഹായത്തോടെ പിടിച്ച് വനംവകുപ്പിന് കൈമാറി. കഴിഞ്ഞ ദിവസം നെല്ലിമല കൊച്ചാലുംമൂടിന് സമീപമാണ് രാത്രിയില്‍ പെരുമ്പാമ്പിനെ കണ്ടത്. കാറ്ററിങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന അനൂപാണ് 15 അടിയോളം വലുപ്പമുള്ള പെരുമ്പാമ്പ് റോഡിന് കുറുകെ കിടക്കുന്നത് കണ്ടത്. വഴിയില്‍ മരക്കൊമ്പ് കിടക്കുവാണെന്ന് കരുതി ബൈക്ക് നിര്‍ത്തി അടുത്ത് ചെന്നപ്പോഴാണ് പെരുമ്പാമ്പാണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ സമീപ വീട്ടുകളിലെ ആളുകളെ വിളിച്ച് വരുത്തുകയായിരുന്നു. സമീപവാസികളായ ബിജി ജോണ്‍, ജോമോന്‍ കീക്കാട്ടില്‍, ജീമോന്‍, അഭിലാഷ്, അമ്പിളി, ബിനു വാഴുവേലില്‍, അനില്‍ വര്‍ഗീസ്, കാര്‍ത്തിക്ക്, ബിജേഷ് എന്നിവരുടെ സഹായത്തോടെയാണ് പെരുമ്പാമ്പിനെ പിടിച്ച് ചാക്കിലാക്കിയത്. ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു.

വനംവകുപ്പിന്റെ സ്‌നേക്ക് ക്യാച്ചര്‍ എത്തിയാണ് പെരുമ്പാമ്പിനെ കൊണ്ടുപോയത്. പമ്പാ ഇറിഗേഷന്‍ പദ്ധതി പ്രകാരമുള്ള കനാലില്‍ കൂടി മുന്‍പും നെല്ലിമല പള്ളിപ്പടി ഭാഗത്ത് ഒഴുകി വന്ന പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി വനംവകുപ്പിന് കൈമാറിയിരുന്നു. മഹാപ്രളയത്തിന് ശേഷം ഈ പ്രദേശത്ത് പെരുമ്പാമ്പിന്റെ സാന്നിദ്ധ്യമുണ്ട്. കഴിഞ്ഞ ദിവസം കൊച്ചാലുമൂടിന് സമീപം നാല് പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ കണ്ടിരുന്നു. വനംവകുപ്പിനെ നാട്ടൂകാര്‍ വിവരം അറിയിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വന്നില്ല. വനനിയമം പേടിച്ച് നാട്ടുകാര്‍ പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളെ പിടിക്കാന്‍ മടിച്ചു. തെരുവ് നായ്ക്കളെ പെരുമ്പാമ്പ് പിടിച്ചതായും നാട്ടുകാര്‍ക്ക് സംശയമുണ്ട്. പ്രദേശത്തെ പല പുരയിടങ്ങളും പാടങ്ങളും ചാലുകളും തോടുകളും കനാലുകളും വര്‍ഷങ്ങളായി കാടുപിടിച്ച് കിടക്കുകയാണ്. ഇഴജന്തുക്കള്‍ പെരുകാന്‍ ഇതും കാരണമായി. നെല്ലിമല, കൊച്ചാലുംമൂട് ഭാഗത്തെ പമ്പാ ഇറിഗേഷന്‍ കനാലും കാടുമൂടി കിടക്കുകയാണ്. വലിയ മരങ്ങള്‍ വളര്‍ന്ന് നില്‍ക്കുന്നത് മൂലം കനാല്‍ തന്നെ അപകടത്തിലായിരിക്കുകയാണ്. പമ്പാ ഇറിഗേഷന്‍ പദ്ധതി പ്രകാരമുള്ള നെല്ലിമല ഇഎഎല്‍പി സ്‌കൂള്‍ മുതല്‍ പൊയ്‌കെപടി വരെയുള്ള കനാല്‍ അടിയന്തിരമായി കാടു തെളിയിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പും ഈ പ്രദേശത്തെ കാടുപിടിച്ച് കിടക്കുന്ന പുരയിടത്തിലെയും പാടങ്ങളിലെയും കാട് തെളിയിക്കുന്നതിന് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ കോയിപ്രം, ഇരവിപേരൂര്‍ പഞ്ചായത്തുകളും തയാറാകണമെന്ന് നെല്ലിമല പൗരസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് രാജു മുക്കത്ത് അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സുബിന്‍ നീറുംപ്ലാക്കല്‍, സെക്രട്ടറി ജോണ്‍ മാത്യു, ബിനു വാഴുവേലില്‍ എന്നിവര്‍ പ്രസംഗിച്ചു. ഈ ആവശ്യം ഉന്നയിച്ച് കോയിപ്രം ഇരവിപേരുര്‍ പഞ്ചായത്തുകള്‍ക്കും പിഐപി വിഭാഗത്തിനും നിവേദനം നല്‍കി.


