പത്തനംതിട്ട :- കൈയ്യേറ്റങ്ങൾക്ക് എതിരേയും മിച്ചഭൂമിക്ക് വേണ്ടിയും പല സമരങ്ങളും നയിച്ചിട്ടുള്ള വി.എസ്. അച്യൂതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി മറ്റൊരു ഭൂസമരമായിരുന്നു. സാധുജനവിമോചന സംയുക്തവേദി നേതാവ് ളാഹ ഗോപാലന്റെ നേതൃത്വത്തിൽ 2007 ഓഗസ്റ്റ് നാലിന് പുലർച്ചെ തുടങ്ങിയ ചെങ്ങറ സമരം. ഒരു അർഥത്തിൽ സമരം ഇപ്പോഴും തുടരുന്നു. സമരഭൂമി ഇന്നൊരു ഗ്രാമമാണ്. സമരത്തിന് നെടുനായകത്വം വഹിച്ച ളാഹ ഗോപാലൻ മൺമറഞ്ഞു. പക്ഷേ, ചെങ്ങറ എന്ന പേര് അന്തർദേശീയ ശ്രദ്ധയാകർഷിച്ചു. ഹാരിസൺ മലയാളം പ്ലാന്റേഷൻസ് ലിമിറ്റഡ് കൈവശം വച്ചിരുന്ന ചെങ്ങറ എസ്‌റ്റേറ്റിലെ അതുമ്പുംകുളം കുറുമ്പറ്റി ഡിവിഷനിലാണ് 2007 ഓഗസ്റ്റ് നാലിന് ളാഹ ഗോപാലന്റെ നേതൃത്വത്തിൽ നാലായിരത്തോളം ഭൂരഹിത കുടുംബങ്ങൾ കടന്നു കയറി കുടിൽ കെട്ടി താമസമാക്കിയത്. ഭൂമിയില്ലാത്ത ഓരോ കുടുംബത്തിനും അഞ്ചേക്കർ ഭൂമി എന്ന ആവശ്യവുമായിട്ടായിരുന്നു സമരം.
ചെങ്ങറത്തോട്ടം ഹാരിസൺസ് അനധികൃതമായി കൈവശം വച്ചിരിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു കൈയേറ്റം. പോലീസിനെയും രഹസ്യാന്വേഷണ വിഭാഗത്തെയുമെല്ലാം ഞെട്ടിച്ചു കൊണ്ട് നടന്ന ഭൂമി പിടിച്ചെടുക്കലിൽ സർക്കാരും വെട്ടിലായി. ബലം പ്രയോഗിച്ചോ ഭീഷണിയിലൂടെയോ ആയിരക്കണക്കായ സമരക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നീക്കം സർക്കാർ നടത്തുമെന്ന് അറിയാമായിരുന്ന ളാഹ ഗോപാലൻ പോലീസിനെ പിന്തിരിപ്പിക്കാൻ ആത്മഹത്യ സ്‌ക്വാഡിനെ നിയോഗിച്ചു. പോലീസോ സർക്കാർ പ്രതിനിധികളോ അന്ന് ഭരിക്കുന്ന സി.പി.എമ്മിന്റെ നേതാക്കളോ പ്രവർത്തകരോ അകത്തേക്ക് കടക്കാൻ ശ്രമിച്ചാൽ ജീവനൊടുക്കാൻ തയാറായി കൂറ്റൻ റബർ മരത്തിന് മുകളിലെ എത്തിപ്പിക്കാൻ പറ്റാത്ത ചില്ലയിൽ കഴുത്തിലിട്ട കുടുക്കുമായി പുരുഷന്മാർ കയറി ഇരുന്നു. തങ്ങൾ നിശ്ചയിച്ചിരിക്കുന്ന ലക്ഷ്മണ രേഖയ്ക്ക് അപ്പുറം പോലീസ് കടന്നാൽ ആ നിമിഷം ഒഴിച്ചു തീകൊളുത്തുന്നതിനായി മണ്ണെണ്ണ നിറച്ച കന്നാസുകളുമായി സ്ത്രീകളും നിലയുറപ്പിച്ചു. ഇതോടെ സർക്കാർ സമരക്കാർക്ക് മുന്നിൽ മുട്ടുമടക്കേണ്ട അവസ്ഥയായി.
ഇതോടെ സി.ഐ.ടി.യു സമരഭൂമി ഉപരോധിച്ചു. പലവട്ടം സർക്കാർ സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചു. ഒടുക്കം സാധുജനവിമോചന സംയുക്തവേദിയുടെ നേതൃത്വത്തിൽ പിളർപ്പുണ്ടാക്കിയാണ് സമരത്തിന്റെ ശക്തി കുറയ്ക്കാൻ സർക്കാരിന് സാധിച്ചത്. വി.എസിനെതിരേ പ്രസ്താവനയുമായി ളാഹ ഗോപാലൻ ആഞ്ഞടിച്ചു. നേതാക്കളിൽ രണ്ടാമതായിരുന്ന സെലീന പ്രക്കാനം അടക്കം കുറച്ചു പേർ സർക്കാർ മുന്നോട്ടു വച്ച നിർദേശം അംഗീകരിച്ച് ഇടുക്കി ജില്ലയിൽ നൽകാമെന്ന് പറഞ്ഞ പട്ടയം വാങ്ങി പിന്മാറി. സർക്കാർ വഞ്ചിക്കുകയാണ് പോകരുതെന്ന ളാഹ ഗോപാലന്റെ നിർദേശം അവർ ചെവിക്കൊണ്ടില്ല. പട്ടയം വാങ്ങിയവർക്കെല്ലാം കിട്ടിയത് മൂന്നാർ ചന്ദ്രമണ്ഡലത്തിലെ കരിമ്പാറക്കെട്ടുകളായിരുന്നു. ഗോപാലൻ പറഞ്ഞതു പോലെ അവർ വഞ്ചിക്കപ്പെട്ടു. പട്ടയം മേടിച്ച് പോയവർ ആ ഭൂമി ഉപേക്ഷിച്ച് തിരികെ വന്നെങ്കിലും ചെങ്ങറയിൽ പ്രവേശിക്കാൻ ഗോപാലൻ അനുവദിച്ചില്ല. സമരം അട്ടിമറിക്കാനോ ഒത്തുതീർപ്പാക്കാനോ വി.എസ്. സർക്കാരിന് കഴിഞ്ഞില്ല. പക്ഷേ, ശക്തി കുറയ്ക്കാൻ സാധിച്ചു. ചെങ്ങറയിൽ കുടിൽ കെട്ടിയവർ ഇന്നും അവിടെ താമസിക്കുന്നു. അതൊരു വികസിത ഗ്രാമമായി മാറിക്കഴിഞ്ഞു.


