പത്തനംതിട്ട :- ജില്ലാ രൂപീകരണത്തിന് മുന്‍പ് ആലപ്പുഴ ആയിരിക്കുമ്പോൾ പത്തനംതിട്ടയിലെ പ്രദേശങ്ങളുടെ ചുമതല വഹിച്ച സി.പി.എം ജില്ലാ സെക്രട്ടറി ആയിരുന്നു വി.എസ് അച്യുതാനന്ദന്‍. അക്കാലത്ത് ജില്ലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞത് പിന്നീട് പ്രമുഖ നേതാവായപ്പോഴും മുഖ്യമന്ത്രി ആയിരുന്നപ്പോഴും അദ്ദേഹത്തെ ഈ നാടുമായി കൂടുതല്‍ അടുപ്പിച്ചു. പുന്നപ്ര വയലാര്‍ സമര ശേഷം അന്നത്തെ ആലപ്പുഴ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഒളിവ് ജീവിതം നയിച്ച പി.കെ. ചന്ദ്രാനന്ദന് പിന്നാലെ വി.എസും ഇവിടേക്ക് എത്തുകയായിരുന്നു. ജില്ലാ രൂപീകരണത്തിന് മുന്‍പ് ആറന്മുള, തിരുവല്ല, അപ്പര്‍കുട്ടനാടന്‍ മേഖലകള്‍ ആലപ്പുഴയുടെ ഭാഗമായിരുന്നു. അക്കാലത്ത് ആലപ്പുഴ ജില്ലയുടെ അമരക്കാരനായിരിക്കെ ഈ പ്രദേശങ്ങളില്‍ അദ്ദേഹം പാർട്ടി പ്രവർത്തനനത്തിൽ സജീവമായി.
പ്രത്യേകിച്ച് അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ നെല്‍ കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും വിഷയങ്ങള്‍ എപ്പോഴും ശ്രദ്ധാ പൂര്‍വം കൈകാര്യം ചെയ്തിരുന്നു. ജില്ലാ രൂപീകരണത്തിന് ശേഷവും കുട്ടനാടന്‍ മേഖലക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അപ്പര്‍ കുട്ടനാടിനും ലഭിക്കുവാന്‍ വേണ്ട സമ്മര്‍ദവും നടപടികളും വി.എസ്. സ്വീകരിച്ചിരുന്നു. ആറന്മുള വിമാനത്താവളത്തിനു തത്വത്തിൽ അംഗീകാരം കൊടുത്ത വിഎസ്, കർഷകരടക്കമുള്ളവരുടെ ജനവികാരം വിമാനത്താവളത്തിന് എതിരാണെന്നു മനസ്സിലായപ്പോൾ അന്നത്തെ ആറന്മുള എംഎൽഎ യുടെ അതൃപ്തി പോലും കാര്യമാക്കാതെ സമരപന്തലിൽ എത്തി പിന്തുണ അറിയിക്കാനും മടിച്ചില്ല. വിരുദ്ധ ചേരിയില്‍ ആണെങ്കിലും കുമ്മനം രാജശേഖരനും, വി.എസും, കവയത്രി സുഗതകുമാരിക്കൊപ്പം ആറന്മുള സമരത്തിന്റെ വേദി പങ്കിട്ടു എന്നതും പ്രത്യേകതയാണ്.
സംസ്ഥാന സെക്രട്ടറി ആയിരിക്കെ ജില്ലയുടെ ചുമതല വഹിക്കുകയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്തിരുന്നു. ശബരിമല വികസനത്തിലും മുഖ്യമന്ത്രി ആയിരിക്കേ അദ്ദേഹം കൃത്യമായ മേല്‍നോട്ടം വഹിച്ചിരുന്നതായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്മകുമാര്‍ പറയുന്നു. പമ്പയില്‍ അവലോകന യോഗത്തിന് ശേഷം പത്തനംതിട്ടയില്‍ മുഖ്യമന്ത്രി ക്യാമ്പ് ചെയ്യട്ടെ എന്ന നിര്‍ദേശമാണ് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മുന്നോട്ട് വച്ചത്. എന്നാല്‍ കാല്‍നടയായി അദ്ദേഹം മല കയറി ശബരിമല സന്നിധാനത്തേക്ക് എത്തിയതും അന്ന് പ്രത്യേകതയായി.
ശബരിമലയുമായി ബന്ധപ്പെട്ട നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം അനുമതി നല്‍കുകയും ചെയ്തു. ജില്ലാ രൂപീകരണത്തിന് വളരെ മുന്‍പ് തന്നെ ഈ നാടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു വി.എസ്. അച്യുതാനന്ദന്‍.


