പത്തനംതിട്ട – മാലിന്യ മുക്തം നവകേരളം- ജനകീയ ക്യാമ്പയിൻ പദ്ധതിയുടെ ഭാഗമായുളള ജനകീയ ശുചീകരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ശാസ്താംങ്കലിൽ വച്ച് നടന്നു. ബഹു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി കെ ലതാകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ ശ്രീകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ജ്യോതി, വാർഡ് മെമ്പർമാരായ ചെറിയാൻ മണ്ണഞ്ചേരി, കെ ബി രാമചന്ദ്രൻ, ജില്ലാ ഹരിതകേരളം മിഷൻ കോ ഓർഡിനേറ്റർ സി അനിൽകുമാർ, ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കരപ്പിള്ള, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം ജ്യോതി, ക്ലീൻ കേരള കമ്പനി റിസോഴ്സ് പേഴ്സൺ കെ എ ഉമദേവി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, എൻഎസ്എസ് വേളണ്ടിയർമാർ തുടങ്ങിയവരും ശുചീകരണ യജ്ഞത്തിൽ അണിനിരന്നു. പരിപാടയിൽ 75 പേര് പങ്കെടുത്തു. സമാന്തരമായി കോന്നി ബ്ലോക്കിലെ വള്ളിക്കോട് ഗ്രാമപഞ്ചായത്ത്, പന്തളം ബ്ലോക്കിലെ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലും പറക്കോട് ബ്ലോക്കിലെ ഏറത്ത് ഗ്രാമപഞ്ചായത്തിലും ജനകീയ പൊതുഇട ശുചീകരണ പരിപാടി സംഘടിപ്പിച്ചു. യഥാക്രമം വള്ളിക്കോട് നടന്ന പരിപാടിയിൽ 45 പേരും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ 41 പേരും ഏറത്ത് ഗ്രാമപഞ്ചയത്തുതല ശുചീകരണ പരിപാടിയിൽ 53 പേരും പങ്കെടുത്തു. ജില്ലയിൽ ആകമാനം നടന്ന ജനകീയ ശുചീകരണ പരിപാടിയിൽ 200 ൽ ഏറെ പേരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. ഏറത്ത് ഗ്രാമപഞ്ചായത്തിൽ നടന്ന ജനകീയ ശുചീകരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടിയും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ നടന്ന പരിപാടി പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദും നിർവഹിച്ചു.

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻറെ ഭാഗമായി പൊതുവിട ജനകീയ ശുചീകരണ പ്രവർത്തനം പൊതുപരിപാടിയായി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച നടത്താനാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന തലത്തിലും, ജില്ലാ തലത്തിലും, തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും 2025 ജൂലൈ 19-ന് ആരംഭിച്ച പരിപാടി 2025 നവംബർ 1 വരെ തുടരും. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച സ്‌കൂൾ, കോളേജ്, സർക്കാർ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും, എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുയിടങ്ങളിലുമാണ് ജനകീയ ശുചീകരണ പരിപാടി നടക്കുക. വൃത്തിയാക്കുന്നതിലൂടെ സമാഹരിക്കുന്ന അജൈവ പാഴ്വസ്തുക്കൾ ജനകീയമായി തന്നെ തരംതിരിച്ച് പൂനഃചംക്രമണത്തിനായി ഹരിതകർമ്മസേനയ്ക്ക് കൈമാറും. ശുചീകരിച്ച പ്രദേശങ്ങളുടെ തുടർപരിപാലനം, സന്ദര്യവത്കരണം എന്നിവ ഉറപ്പ് വരുത്തുന്നതിനും മേൽനോട്ടത്തിനുമായി ജനകീയ സമിതികൾ/ പ്രാദേശിക സംഘടനകൾ എന്നിവയെ ചൂമതലപ്പെടുത്തുന്നതാണ്.


