കോഴഞ്ചേരി – പഴവർഗ പ്രദർശനവും വിപണനവുമായി തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് ആരംഭിച്ചു. മാരാമൺ നെടുമ്പ്രയാർ സെന്റ് ജോസഫ് കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ. കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിസിലി തോമസ് അധ്യക്ഷയായി. ടൂറിസം മാപ്പ് പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം സാറാ പി. തോമസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എൽസി ക്രിസ്റ്റഫർ ആദ്യവില്പന നടത്തി.
സമൃദ്ധി ഫ്രൂട്ട് ഗ്രാമം പദ്ധതിയുടെ ഭാഗമായി കൃഷി, വ്യവസായം, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ സമൃദ്ധി കർഷകസംഘമാണ് ഫെസ്റ്റ് നടത്തുന്നത്. ജൂലൈ 12 വരെയാണ് ഫെസ്റ്റ്. രാവിലെ 9.30 മുതൽ വൈകുന്നേരം ഏഴ് വരെയാണ് പ്രദർശനം. വിവിധതരം പഴങ്ങൾ, ഫ്രൂട്ട് ജ്യൂസുകൾ, പഴങ്ങളിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, ഫലവൃക്ഷതൈകൾ, ആധുനിക കാർഷിക ഉപകരണങ്ങൾ, നവീന ജലസേചനവിദ്യകൾ, ഫാം ടൂറിസത്തിന്റെ സാധ്യതകൾ എന്നിവയെല്ലാം ഫെസ്റ്റിലൂടെ അറിയാം. കാർഷിക മേഖലയ്ക്ക് ഉണർവേകാനും പഴവർഗ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും വ്യവസായം, ടൂറിസം മേഖലകളുടെ വികസനവുമാണ് ഫെസ്റ്റ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് അഡ്വ. ആർ. കൃഷ്ണകുമാർ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലത ചന്ദ്രൻ, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജസി മാത്യു, അംഗങ്ങളായ രശ്മി ആർ. നായർ, അഡ്വ. റ്റി.കെ. രാമചന്ദ്രൻ നായർ, റെൻസിൻ കെ രാജൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എൻ. അനിൽ കുമാർ, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. ഐ. സുബൈർകുട്ടി, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർളി സഖറിയാസ്, കൃഷി ഓഫീസർ ലത മേരി തോമസ്, തിരുവല്ല താലൂക്ക് എ.ഡി.ഐ.ഒ സ്വപ്ന ദാസ്, പഞ്ചായത്ത് സെക്രട്ടറി വി. സുമേഷ് കുമാർ, സമൃദ്ധി കർഷക സംഘം പ്രസിഡന്റ് സി പി ഗോപകുമാർ, ത്രിതലപഞ്ചായത്തംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


