തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കം: പരിശീലനം നൽകി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർക്കുള്ള പരിശീലന പരിപാടി ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വോട്ടർപട്ടിക തയ്യാറാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമം, നിയമം എന്നിവയെ കുറിച്ച് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് പൂർണ അറിവ് വേണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ജില്ലയിൽ പുതിയതായി രൂപീകരിച്ചതടക്കം 968 വാർഡുകളുടെ വോട്ടർപട്ടിക ബൂത്ത് അടിസ്ഥാനത്തിൽ പുനക്രമീകരിക്കും.

വോട്ടർ പട്ടിക സംബന്ധിച്ച അവകാശവാദവും ആക്ഷേപവും പരിഹരിച്ച് പിഴവുകൾ ഇല്ലാതെ കൃത്യതയോടെ തയ്യാറാക്കുന്നതിന് പരിശീലനം സഹായിക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

പഞ്ചായത്ത്, മുനിസിപ്പൽ വാർഡുകളുടെ അടിസ്ഥാനത്തിൽ വോട്ടർ പട്ടിക പുനക്രമീകരിക്കുന്നതിന് ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർ, അസിസ്റ്റന്റ് ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർ, ടെക്നിക്കൽ അസിസ്റ്റന്റ് എന്നിവർക്കാണ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരിശീലനം സംഘടിപ്പിച്ചത്. വോട്ടർ പട്ടികയുടെ ക്രമീകരണം, അതിർത്തി പുനർനിർണയത്തിനു ശേഷമുള്ള അനുബന്ധ വിഷയം, പോളിംഗ് ബൂത്തുകൾ സജ്ജമാക്കൽ എന്നിവയെക്കുറിച്ച് ക്ലാസ് നടന്നു.

തിരഞ്ഞെടുപ്പ് ഡെപ്യുട്ടി കലക്ടർ ബീന എസ്. ഹനീഫ്, പരിശീലകരായ രജീഷ് ആർ.നാഥ്, ടി. ബിനോയി, ഹരീഷ് മുകുന്ദ്, എസ്. ദിവ്യ എന്നിവർ ക്ലാസുകൾ നയിച്ചു. മൂന്നു സെഷനുകളിലായി നടന്ന പരിശീലനത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശീലന വീഡിയോയും പ്രദർശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *