വനത്തിൽ കാലികളെ മേയ്ക്കാൻ വിടുന്നതിനു നിരോധനം : കൂട്ടത്തോടെ കേരളത്തിലേക്ക് വിറ്റഴിച്ച് തമിഴ്‌നാട്ടിലെ ക്ഷീരകർഷകർ

India
Print Friendly, PDF & Email

മേഘമല (തമിഴ്‌നാട്) : ഗ്രാമത്തോട് ചേർന്നുകിടക്കുന്ന വനത്തിൽ കന്നുകാലികളെ മേയിക്കുന്നത് വനം വകുപ്പ് നിരോധനം ഏർപ്പെടുത്തിയതോടെ തമിഴ്‌നാട്ടിലെ മേഘമലയിലെ ഗ്രാമ പ്രദേശങ്ങളിൽ നിന്നും വൻതോതിൽ കന്നുകാലികളെ കേരളത്തിലേക്ക് വില്പന നടത്തുന്നു. കഴിഞ്ഞ ദിവസമാണ് ചിന്നമന്നൂർ വനംവകുപ്പ് വനമേഖലയിൽ കാലി മേയ്ക്കുന്നത് തടഞ്ഞു നോട്ടീസ് പതിച്ചത്. വനമേഖല ആശ്രയിച്ച് ജീവിച്ച കർഷകർക്ക് ഇത് തിരിച്ചടിയായി. കന്നുകാലികളെ തീറ്റ വാങ്ങി പോറ്റാൻ നിവർത്തിയില്ലാതെ വിറ്റഴിക്കുകയാണ് കർഷകർ.

മേഘമല, മണലാരു, വെണ്ണിയാരു, ഇരവങ്ങലരു, മഹാരാജമെട്ട്, മേൽ മണലാരു, വെണ്ണിയാരു പ്രദേശങ്ങളിലെ തോട്ടം തൊഴിലാളികളിൽ ഭൂരിപക്ഷവും ആടുമാടുകളെ വളർത്തുന്നുണ്ട്. ഇവയെ വന മേഖലയിൽ അഴിച്ചുവിട്ടാണ് വളർത്തിയിരുന്നത്. വനം വകുപ്പിന്റെ നോട്ടീസ് ലഭിച്ചതോടെ കുറഞ്ഞ നിരക്കിൽ ഉരുക്കളെ വിൽപ്പന നടത്താൻ ഇവർ നിർബന്ധിതനായിരിക്കുകയാണ്. ഇതിനോടകം നിരവധി ഉരുക്കളെ കേരളത്തിലേക്ക് വില്പന നടത്തിയതായി തൊഴിലാളികൾ പറയുന്നു.

വനംവകുപ്പിന്റെ ക്രൂരത കാരണം മലയോര ഗ്രാമങ്ങളിലെ ആളുകൾ അവരുടെ കന്നുകാലികളെ വിൽപ്പന നടത്തുന്നതോടെ പ്രദേശത്ത് ആവശ്യമായ പാൽ ലഭിക്കുന്നതിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ വനംവകുപ്പ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *