പത്തനംതിട്ട: ബാലിക മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നിരന്തര ലൈംഗിക പീഡനത്തിനിരയായി. ബാലികയെ പീഡനത്തിന് വിധേയയാക്കിയ പ്രതിക്ക് 73 വർഷം കഠിനതടവും മൂന്നര ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. തോട്ടപ്പുഴശ്ശേരി കുറിയന്നൂർ ചുവട്ടുപാറ മുളക്കലോലിൽ വീട്ടിൽ സാജു എം. ജോയി(39)യൊണ് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്സോ നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. റാന്നി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിഴ അടച്ചില്ലെങ്കിൽ 14 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു. 2019 ജനുവരി ഒന്നു മുതലാണ് പീഡനം തുടങ്ങിയത്. 2023 മാർച്ച് 17 വരെയുള്ള കാലയളവിൽ പല തവണ കുട്ടിയുടെ വീട്ടിൽ വച്ചും മറ്റും പ്രതി ബലാൽസംഗം ചെയ്തു. 12 വയസാകും മുമ്പായിരുന്നു ആദ്യം പീഡിപ്പിച്ചത്. നാല്, ആറ് ക്ലാസുകളിൽ പഠിക്കുമ്പോഴും പീഡനം ആവർത്തിച്ചു. 2023 ഫെബ്രുവരി ആറിന് വൈകിട്ട് വീട്ടിൽ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കവിളിൽ അടിക്കുകയും ചെയ്തു. അന്നത്തെ പോലീസ് ഇൻസ്പെക്ടർ പി.എസ്. വിനോദ് ആണ് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം നടത്തി പ്രതിയെ പിടികൂടിയതും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എഎസ്ഐ ഹസീന പങ്കാളിയായി.


