യുവാവിന്റെ മൂക്കിന്റെ പാലം ഇടിവള കൊണ്ട് ഇടിച്ചു തകർത്ത മൂന്നംഗ സംഘത്തിലെ ഒരാൾ പിടിയിൽ

Crime
Print Friendly, PDF & Email

കോന്നി – യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുകയും ഇടിവളയുപയോഗിച്ച് മൂക്കിലിടിച്ച് അസ്ഥി ഇടിച്ചു തകർക്കുകയും ചെയ്ത കേസിൽ രണ്ടാംപ്രതി കോന്നി പോലീസിന്റെ പിടിയിലായി. തെങ്ങുംകാവ് പന്നിക്കണ്ടം ഇളപ്പിന്റെ വടക്കേതിൽ വീട്ടിൽ ശ്രീരാജ് എസ്. നായർ (29) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രി 10.30 നാണ് സംഭവം. അട്ടച്ചാക്കൽ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുളള ലൈറ്റ് ഡെക്കറേഷൻ കണ്ടിട്ട് തിരികെ മടങ്ങുകയായിരുന്ന യുവാവിനെയാണ് പ്രതികൾ കോന്നി ടൗണിൽ വച്ച് ദേഹോപദ്രവമേല്പിച്ചത്. ഇടിവള വച്ച് ഇടിച്ചതിന്റെ ഫലമായി മൂക്കിന്റെ അസ്ഥിക്ക് പൊട്ടൽ സംഭവിച്ച യുവാവ് ചികിത്സയിലാണ്. റോഡരികിൽ നിന്നിരുന്ന മദ്യപാനിയെ തടഞ്ഞു വച്ച് കളിയാക്കുന്നത് ചോദിച്ചതിൽ പ്രകോപിതരായ യുവാക്കൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. മൂന്നു പേരടങ്ങിയ സംഘമാണ് ആക്രമം നടത്തിയത്.

ഒളിവിൽപ്പോയ മറ്റു പ്രതികളെ പിടികൂടാനുണ്ട്. കൃത്യത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ എസ്.ഐ എസ്.എസ്. ശ്യാമിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. മുജീബ് റഹ്മാൻ, എസ്.സി.പി.ഒ മാരായ രഞ്ജിത്ത്, ജയകുമാ ർഎന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *