പത്തനംതിട്ട: ഫേസ്‌ബുക്ക് പേജിൽ യുവതി പോസ്റ്റ് ചെയ്ത ചിത്രം മോർഫ് ചെയ്ത് നഗ്‌നരൂപത്തിലാക്കി അയച്ചു കൊടുത്ത കേസിൽ പ്രതി അറസ്റ്റിൽ. വെണ്ണിക്കുളം പാട്ടക്കാല ചാപ്രത്ത് വീട്ടിൽ മിഥുൻ സി. വർഗീസിനെ (26)യാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയാണ് പരാതിക്കാരി. ഇയാൾ സ്വന്തം എഫ്.ബി അക്കൗണ്ടിൽ നിന്നും യുവതിയുടെ ഫേസ് ബുക്കിലേക്ക് മോർഫ് ചെയ്ത ചിത്രം അയക്കുകയായിരുന്നു.
യുവതി ഫേസ്‌ബുക്കിൽ ഇട്ട ഫോട്ടോ എടുത്ത് രൂപമാറ്റം വരുത്തി നഗ്‌ന ചിത്രമാക്കിയ ശേഷമാണ് അയച്ചത്. പട്ടിക ജാതി വിഭാഗത്തിനെതിരായ അതിക്രമത്തിനുള്ള വകുപ്പുകളും, ഐ ടി നിയമത്തിലെ വകുപ്പും, ബി എൻ എസ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് പ്രതിയെ ഉടനടി വീടിനടുത്ത് നിന്നുംകസ്റ്റഡിയിലെടുത്തു. പ്രതിയുടെയും വാദിയുടെയും മൊബൈൽ ഫോണുകൾ പോലീസ് വിശദമായ പരിശോധനയ്ക്ക് കസ്റ്റഡിയിൽ എടുത്തു. പോലീസ് ഇൻസ്‌പെക്ടർ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ പിടികൂടിയ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ്.ഐ ഗോപകുമാർ, എസ്.സി.പി.ഓ ശബാന, സി.പി.ഓ സുരേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.


