ഗേറ്റ് തുറക്കാൻ കാറിന്റെ മുകളിൽ വെച്ച സ്വർണ്ണവും പണവുമടങ്ങിയ ബാഗ് എടുക്കാൻ മറന്നു ; ഓട്ടത്തിൽ കാറിന്റെ പുറത്തുനിന്നു നഷ്ടമായ ബാഗ് വീണ്ടെടുത്ത് തിരുവല്ല പോലീസ്‌

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല: വീട്ടമ്മയുടെ പണവും സ്വർണവുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടത് സമയോചിതമായ ഇടപെടലുകളിലൂടെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് തിരുവല്ല പോലീസ്. തുകലശ്ശേരി മട്ടക്കൽ പള്ളത്തുവീട്ടിൽ പ്രഭാ ഐപ്പിന്റെ ബാഗാണ് നഷ്ടപ്പെട്ടത്. ഇതിനുളളിൽ അഞ്ചര പവൻ സ്വർണവും 35000 രൂപയും മൊബൈൽ ഫോണും വീടിന്റെ താക്കോലും മറ്റ് വിലപ്പെട്ട രേഖകളും ഉണ്ടായിരുന്നു. സെൻട്രൽ ബാങ്ക് ശാഖയിലേക്ക് പോകാൻ ഇറങ്ങുമ്പോൾ ഗേറ്റ് തുറക്കുന്നതിന് വേണ്ടി ബാഗ് കാറിന് മുകളിൽ വച്ചു. ബാഗ് കാറിനുളളിലാണ് വച്ചതെന്ന് കരുതി ഓടിച്ചു പോവുകയും ചെയ്തു. ബാങ്കിലെത്തിയപ്പോഴാണ് ബാഗ് കാറിനുള്ളിൽ ഇല്ലെന്ന് മനസിലായത്. കാറിനു മുകളിൽ വച്ചിട്ട് ബാഗ് എടുക്കാത്ത കാര്യം അപ്പോഴാണ് അവർ ഓർത്തത്. പരിഭ്രാന്തയായ വീട്ടമ്മ തിരികെ വന്ന വഴിയിലൂടെ പോയി റോഡിലെല്ലാം നോക്കിയെങ്കിലും ബാഗ് കിട്ടിയില്ല.

തുടർന്ന് പ്രതീക്ഷയോടെ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് ഇൻസ്‌പെക്ടർ ബി.കെ. സുനിൽ കൃഷ്ണന് പ്രഭാ ഐപ്പ് കാര്യങ്ങൾ വിശദീകരിച്ചു. പ്രൊബേഷൻ എസ്.ഐ ഹരികൃഷ്ണനോട് അന്വേഷണം നടത്താൻ നിർദേശിച്ചു. എസ്.സി.പി.ഓമാരായ മനോജ് കുമാർ, അഖിലേഷ്, സി.പി.ഓ അരുൺ രവി എന്നിവരെയും ഒപ്പം കൂട്ടി ബാഗ് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഉച്ചവരെ വീട്ടിലെയും യാത്രാവഴിയിലെയും സി.സി.ടി.വി ദൃശ്യങ്ങൾ സംഘം പരിശോധിച്ചു. തിരുവല്ല ടീന സിഗ്‌നൽ വരെ ബാഗ് കാറിന്റെ മുകളിൽ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. പിന്നീടുള്ള ദൃശ്യങ്ങൾ ലഭ്യമായില്ല. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിക്കുകയായിരുന്നു. മൊബൈൽ ഫോണിലേക്ക് ബെൽ അടിപ്പിച്ച് നോക്കിയപ്പോൾ ബാഗ് കിട്ടിയ ആളെ കണ്ടെത്തി. ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്കാണ് റോഡിൽ നിന്നും ബാഗ് കിട്ടിയത്, അയാൾ അത് വണ്ടിക്കുള്ളിൽ എടുത്തു വച്ചതാണെന്ന് പോലീസിനെ അറിയിച്ചു. അയാളിൽ നിന്നും വാങ്ങിയശേഷം പ്രഭയെ വിളിച്ചു വരുത്തി പോലീസ് സേ്റ്റഷനിൽ വച്ച് ബാഗ് തിരികെ ഏൽപ്പിക്കുകയായിരുന്നു. സമയോചിതമായ ഇടപെടൽ പോലീസ് നടത്തിയിരുന്നില്ലങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു. !!

Leave a Reply

Your email address will not be published. Required fields are marked *